BusinessLatest

ഊരാളുങ്കൽ കുടുംബത്തിൽനിന്നു പുതിയ സംരംഭങ്ങൾ – യുഎൽ ആക്റ്റന്റ്, യുഎൽ എൻ’ഷോർ

Nano News

 

ലക്ഷ്യം പത്തു കൊല്ലംകൊണ്ട് 4000 കോടി വരുമാനവും 3500 തൊഴിലും ദേശീയ, സ്വകാര്യ വിപണികളും

കോഴിക്കോട്:ദേശീയതലത്തിലേക്കും ആഗോളതലത്തിലേക്കും സ്വകാര്യമേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിർമ്മാണരംഗത്ത് രണ്ടു പുതിയ ബ്രാൻഡുകൾക്കുകൂടി തുടക്കം കുറിച്ചു – ഇലക്ട്രിക്കൽ എൻജിനീയറിങ് സേവനങ്ങൾക്കായി ‘യുഎൽ ആക്റ്റന്റും’ ഇന്റീരിയർ ഡിസൈനിങ്, നിർവ്വഹണ സേവനങ്ങൾക്കായി ‘യുഎൽ എൻ’ഷോറും’. ഇരിങ്ങൽ സർഗാലയയിൽ നടന്ന ചടങ്ങിൽ രണ്ടു സംരംഭങ്ങളുടെയും ഉദ്ഘാടനം അവയുടെ ലോഗോകൾ പ്രകാശനം ചെയ്ത് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി നിർവ്വഹിച്ചു.

പത്തുവർഷംകൊണ്ട് 3,500 തൊഴിലവസരം സൃഷ്ടിക്കാൻ കഴിയുമെന്നു കണക്കാക്കുന്ന ഈ രണ്ടു ബ്രാൻഡുകളുംകൂടി 4000 കോടി രൂപയുടെ വിറ്റുവരവു ലക്ഷ്യമിടുന്നതായി രമേശൻ പാലേരി പറഞ്ഞു. അതിനുള്ള പദ്ധതികൾ ആലോചിച്ചിട്ടുണ്ട്. “സാമൂഹികപരിഷ്ക്കരണത്തിന്റെ പേരിൽ തൊഴിലും വരുമാനവും നിഷേധിക്കപ്പെട്ടപ്പോൾ അതിനെ വെല്ലുവിളിച്ച് തൊഴിലിനും വരുമാനത്തിനുമായി ഊരാളുങ്കലിലെ കൂലിവേലക്കാർ രൂപം നല്കിയ സൊസൈറ്റി പുതിയ കാലത്ത് പുതിയ തൊഴിൽമേഖലകൾ വികസിപ്പിക്കാൻ നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് പുതിയ ബ്രാൻഡുകൾ”, അദ്ദേഹം പറഞ്ഞു.

ഒരു വ്യാഴവട്ടത്തിലേറെയായി സൊസൈറ്റിയിൽ പ്രത്യേകവിഭാഗമായി പ്രവർത്തിച്ചുവരുന്ന ഇലക്ട്രിക്കൽ വിങ്ങാണ് യുഎൽ ആക്റ്റന്റ് എന്ന പുതിയ സംരംഭമായി പിറവിയെടുത്തത്. “ഇലക്ട്രിക്കൽ, എക്സ്ട്രാ ലോ വോൾട്ടേജ് (ELV) സിസ്റ്റങ്ങൾ, ഹരിതോർജ്ജങ്ങൾ തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ സംവിധാനങ്ങളും സേവനങ്ങളും ഒരുക്കിനല്കാൻ യുഎൽ ആക്റ്റന്റിനു കഴിയും. രാജ്യത്തെവിടെയും നിർമ്മാണപ്രൊജക്റ്റുകൾക്കുവേണ്ട ഇലക്ട്രിക്കൽ കൺട്രോൾ പാനലുകൾ ലഭ്യമാക്കും. ഓട്ടോമേഷനും റോബോട്ടിക്സും ഉൾപ്പെടുത്തി ഇവയുടെ പുതിയ മാതൃകകൾ വികസിപ്പിക്കും”, യുഎൽ ആക്റ്റന്റിന്റെ ബിജേഷ് വി. കെ. പറഞ്ഞു. എൻഎബിഎൽ അക്രഡിറ്റേഷനോടെ എനർജി മീറ്ററുകളുടെ ടെസ്റ്റിങ്, കാലിബ്രേഷൻ സേവനവും നല്കും.

2035-ഓടെ ഹരിതഹൈഡ്രജൻ, പവനോർജ്ജം, സൗരോർജ്ജത്തിന്റെ പുതുസാദ്ധ്യതകൾ, ചെറുകിട ജലവൈദ്യുതിപദ്ധതികൾ, പമ്പ്ഡ് സ്റ്റോറേജ് പ്രവൃത്തികൾ, ബാറ്ററി എനർജി സ്റ്റോറേജ് (BES) തുടങ്ങിയ രംഗങ്ങളിൽ വലിയ മുന്നേറ്റം കൈവരിക്കാനുള്ള ഭാവിപദ്ധതികളും യുഎൽ ആക്റ്റന്റ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇഎഛ്റ്റി, എഛ്റ്റി പ്രവൃത്തികൾ ചെയ്തുള്ള പരിചയവും എ ക്ലാസ് കോൺട്രാക്ട് ലൈസൻസുമുള്ള യൂണിറ്റിന് നിലവിൽ എംഎൻആർഇ, അനേർട്ട് എന്നിവയുടെ എംപാനൽ അക്രഡിറ്റേഷനുണ്ട്. ഐബെസ്സ് പദ്ധതികൾക്ക് എനർജി മാനേജ്മെന്റ് സെന്ററും എംപാനൽ ചെയ്തിട്ടുണ്ട്.

സർക്കാർ, സ്വകാര്യ മേഖലകളിലെ ഓഫീസ്, വാണിജ്യ, പാർപ്പിടനിർമ്മിതികളുടെ ഇന്റീരിയർ ഉപയോഗാധിഷ്ഠിതമായി പുതുക്കാലപ്രൗഢിയിൽ രൂപകല്പന ചെയ്തു സജ്ജീകരിച്ചു നല്കാനുള്ള സംരംഭമാണ് യുഎൽ എൻ’ഷോർ. “സുസ്ഥിരവും പ്രകൃതിസൗഹൃദവുമായ ജൈവികാന്തരീക്ഷം പകരുന്നതരം ഇന്റീരിയർ ഡിസൈൻ, ടേൺ കീ വ്യവസ്ഥയിൽ ഓഫീസ് സൗകര്യം ഒരുക്കൽ, മോഡുലാർ ഫർണീച്ചർ തുടങ്ങിയ സേവനങ്ങളാണ് യുഎൽ എൻ’ഷോർ ലഭ്യമാക്കുക”, യുഎൽ എൻ’ഷോറിന്റെ ചുമതല വഹിക്കുന്ന ശരത് ലാൽ കെ. എസ്. വ്യക്തമാക്കി. എയർപോർട്ട്, ആശുപത്രി, കൺവെൻഷൻ സെന്റർ, ഓഡിറ്റോറിയം, ഓഫീസ് സ്പേസ്, ഹോട്ടൽ, സ്പോട്സ് സൗകര്യങ്ങൾ, സ്കൂൾ, വീട്, അപ്പാർട്ട്മെന്റ്, ഹോം തീയറ്റർ തുടങ്ങി വ്യത്യസ്തമേഖലകളിൽ 300 കോടിയിലധികം രൂപ മൂല്യമുള്ള 400-ലേറെ പ്രൊജക്റ്റുകൾ ചെയ്ത അനുഭവസമ്പത്തുമായാണ് യുഎൽ എൻ’ഷോർ രംഗത്തിറങ്ങുന്നത്.

സൊസൈറ്റിക്കു സ്വന്തമായുള്ള മോഡുലാർ മാനുഫാക്ചറിങ് യൂണിറ്റും വർക് ഷോപ്പുകളും ഫൗണ്ടറികളും മറ്റ് ആധുനിക ഉത്പാദന സംവിധാനങ്ങളും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനരീതിയും തന്ത്രപ്രധാനമായ പങ്കാളിത്തങ്ങളും പ്രയോജനപ്പെടുത്തി പത്തു വർഷംകൊണ്ട് 2000 കോടി രൂപയുടെ റവന്യൂവരുമാനം യുഎൽ എൻ’ഷോർ പ്രതീക്ഷിക്കുന്നു; നേരിട്ടും അല്ലാതെയുമായി 2000 തൊഴിലവസരങ്ങളും.

സൊസൈറ്റി വൈസ് ചെയർമാൻ എം. എം. സുരേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ രണ്ടു ബ്രാൻഡുകളുടെയും പ്രചാരണസാമഗ്രികളും പ്രമാണരേഖകളും സൊസൈറ്റിയുടെ വിവിധ ഡയറക്ടർമാർ പ്രകാശനം ചെയ്തു. യുഎൽ ആക്റ്റന്റിന്റെ ബ്രോഷർ പി. പ്രകാശനും യുഎൽ എൻ’ഷോറിന്റെ ബ്രോഷർ വി. കെ. അനന്തനും പ്രകാശിപ്പിച്ചു. യുഎൽ ആക്റ്റന്റിന്റെ വെബ്സൈറ്റ് സുരേഷ് ബാബുവും യുഎൽ എൻ’ഷോറിന്റെ വെബ്സൈറ്റ് കെ. ടി. രാജനും തുറന്നു. യുഎൽ ആക്റ്റന്റിന്റെ മാർക്കറ്റിങ് വീഡിയോയും യുഎൽ എൻ’ഷോറിന്റെ വിഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ വീഡിയോയും ശ്രീജിത് സി. കെ. പ്രകാശനം ചെയ്തു.

യുഎൽ ആക്റ്റന്റിന്റെ കണ്ട്രോൾസ് പ്രൊഡക്ഷൻ അനുഭവം ശ്രീജ മുരളി പങ്കുവച്ചു. യുഎൽ എൻ’ഷോറിന്റെ പ്രോഡക്റ്റ് അവതരണം ഷിജിൻ ടി. ടി. നിർവ്വഹിച്ചു. യുഎൽ ആക്റ്റന്റിനായി മാറ്റർലാബിൽ ഒരുക്കിയിട്ടുള്ള എനർജി മീറ്റർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ യൂണിറ്റിന്റെ ബ്രോഷർ ലുബിന ടി. പ്രകാശനം ചെയ്തു. ഇലക്ട്രിക്കൽ വിഭാഗം മേധാവിയും ഓപ്പറേഷൻസ് എജിഎമുമായ ബിജേഷ് വി. കെ. യുഎൽ ആക്റ്റന്റിന്റെയും ഇന്റീരിയർ ഫിറ്റൗട്ട് ആൻഡ് ഫർണിച്ചർ വിഭാഗം മേധാവി ശരത് ലാൽ കെ. എസ്. യുഎൽ എൻ’ഷോറിന്റെയും വിഷൻ രേഖകൾ അവതരിപ്പിച്ചു. സൊസൈറ്റി എംഡി എസ്. ഷാജു സ്വാഗതവും ജനറൽ മാനേജർ അഡ്മിനിസ്ട്രേഷൻ ഷാബു കെ. പി. നന്ദിയും പറഞ്ഞു. സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങളുടെ മേധാവികൾ, പ്രധാന ഉദ്യോഗസ്ഥർ, ലീഡർമാർ തുടങ്ങിയവരും സംബന്ധിച്ചു.

 


Reporter
the authorReporter

Leave a Reply