Wednesday, January 22, 2025
Local News

കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ; റെയിൽവേ മന്ത്രി ഉറപ്പ് നൽകി; ഷാഫി പറമ്പിൽ


കോഴിക്കോട്: കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിതായി ഷാഫി പറമ്പിൽ എം.പി. ക്രിസ്തുമസ്സ് സീസണിൽ നിരവധി സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ നിന്നും ഏർപ്പാട് ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകിയിരിക്കുകയാണ്.

കൊയിലാണ്ടിയിലും വടകരയിലും തലശേരിയിലും പുതിയ സ്റ്റോപ്പുകൾ അനുവദിക്കും. കൊയിലാണ്ടി സ്റ്റേഷൻ ഈ ഭരണ കാലയളവിൽ തന്നെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വടകരക്കും കോഴിക്കോടിനുമിടയിൽ ഉള്ള ദൂരം കൊണ്ട് തന്നെ കൂടുതൽ ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പനുവദിക്കേണ്ടതിൻ്റെ അനിവാര്യത മന്ത്രിയെ അറിയിച്ചതായി ഷാഫി പറമ്പിൽ പറഞ്ഞു.

കോഴിക്കോട് മംഗലാപുരം റൂട്ടിൽ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂറിലധികം ഇടവിട്ടെ അടുത്ത ട്രെയിനുള്ളു എന്ന് മന്ത്രിയെ ബോധ്യപ്പെടുത്താനായതായി ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

പരശുവിലെയും പാസ്സഞ്ചറിലേയും തിരക്കിൻ്റെ സാഹചര്യങ്ങളും വിശദീകരിച്ചത് കൊണ്ട് മേൽ ഇടവേളയിൽ ഒരു ഇൻ്റർസിറ്റി കൂടി അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുവാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ്.

ഉച്ചക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് പാലക്കാട്-ഷൊർണ്ണൂർ-കോഴിക്കോട് വഴി രാത്രി മoഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയിൽ ഒരു ഇന്റർസിറ്റി കൂടി അനുവദിക്കുന്ന കാര്യത്തിന് അനുകൂല മറുപടിയാണ് ലഭിച്ചിരിക്കുന്നതെന്നും ഷാഫി പറമ്പിൽ അറിയിച്ചു.


Reporter
the authorReporter

Leave a Reply