കോഴിക്കോട്: അന്തരിച്ച കാനത്തിൽ ജമീല എംഎൽഎയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ നടന്നു. രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ടോടെ സിപിഐ എം നേതാക്കളും കുടുംബാംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. അർബുദബാധയെ തുടന്ന് ചികിത്സയിലായിരുന്ന എംഎൽഎ ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. പാർടി ജില്ലാ കമ്മറ്റി ഓഫീസായ സി എച്ച് കണാരൻ മന്ദിരത്തിലെത്തിച്ച മൃതദേഹത്തിൽ കേന്ദ്രകമ്മറ്റിയംഗങ്ങളായ എളമരം കരീം, ഇ പി ജയരാജൻ, പി കെ ശ്രീമതി, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റംഗവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി മോഹനൻ, വി വസീഫ്, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. കേന്ദ്രകമ്മറ്റിയംഗങ്ങളായ ടി പി രാമകൃഷ്ണൻ, കെ കെ ശൈലജ, പി സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, ആർ ബിന്ദു, വീണ ജോർജ്, വി അബ്ദുറഹ്മാൻ, ഒ ആർ കേളു, മേയർ ബീന ഫിലിപ്പ്, ഷാഫി പറന്പിൽ എംപി, എഐസിസി പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം കെ പ്രകാശ്ബാബു, മുസ്ലീംലീഗ് നേതാവ് പി കെ ബഷീർ എംഎൽഎ, ആർജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, ഹുസൈൻ മടവൂർ, സിപിഐ എം കാസർകോട് ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ,സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.പി ഗവാസ് തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപാരമർപ്പിച്ചു.

ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും വിലാപയാത്രയായി കൊയിലാണ്ടി ടൗൺ ഹാളിൽ എത്തിച്ചു. എം എൽ എ യുടെ മണ്ഡലമായ കൊയിലാണ്ടിയിൽ രാവിലെ മുതൽ വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നിരുന്നു.ഉച്ചകഴിഞ്ഞ് തലക്കുളത്തൂരും പൊതുദർശനമുണ്ടായിരുന്നു.മൂന്ന് പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു കാനത്തിൽ ജമീല. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച അവർ പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ജനകീയസൂത്രണം വഴി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച, കേരള പൊതുരംഗത്തിന് മികച്ച സംഭാവനകൾ നൽകിയ വനിതാ നേതാവായിരുന്നു ജമീല.










