തിരുവനന്തപുരം: കൊൽക്കത്തയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഡോക്ടർമാർ സമരം നടത്തും. പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും ഒ.പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ചാണ് സമരം നടത്തുക. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരും സമരത്തിന്റെ ഭാഗമാകുന്നുണ്ട്. സമരം സർക്കാർ ആശുപത്രുകളുടെ പ്രവർത്തനം ഭാഗീകമായെങ്കിലും പ്രതിസന്ധിയിലാക്കിയേക്കും.
യുവ ഡോക്ടറുടെ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ തലത്തിൽ രൂപീകരിക്കപ്പെട്ട ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടർമാർ പ്രതിഷേധിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർമാരുടെ പ്രതിഷേധം നടന്നുവരികയാണ്. കെ.ജി.എം.ഒയും ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നുണ്ട്.
ആരോഗ്യ പ്രവർത്തകർക്കായുള്ള സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പിലാക്കുക, കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കുറ്റവാളികളായവർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഡോക്ടർമാർ ഉന്നയിക്കുന്നു. ഈമാസം 18 മുതൽ 31 വരെ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, 24 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഐ.എം.എ. നാളെയാണ് രാവിലെ ആറ് മണി മുതൽ ഐ.എം.എയുടെ നേതൃത്വത്തിൽ സമരം നടക്കുക. സംഭവത്തിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐ.എം.എ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം തുടങ്ങിയ ആവശ്യങ്ങളും ഉയരുന്നുണ്ട്.