General

നിബന്ധന നീക്കി മോട്ടോർ വാഹന വകുപ്പ്, സംസ്ഥാനത്തെ ഏത് ആർടിഒ ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം


തിരുവനന്തപുരം: പുതിയതായി വാഹനം വാങ്ങുന്നവരുടെ ശ്രദ്ധക്ക്, നിർണ്ണായക തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. വാഹന ഉടമയുടെ ആർടിഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്.

വാഹനം വാങ്ങിയാൽ ഉടമയുടെ മേൽവിലാസം ഏത് ആർടിഒയുടെ പരിധിയിലാണോ അവിടെ മാത്രം രജിസ്റ്റർ ചെയ്യണമെന്നതായിരുന്നു നിലവിലെ രീതി. എന്നാൽ ആറ്റിങ്ങലിൽ വാഹന രജിസ്ട്രേഷൻ നിഷേധിക്കപ്പെട്ട ഒരു വാഹന ഉടമ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ മാറ്റത്തിനുള്ള ഉത്തരവുണ്ടായത്. കേന്ദ്ര ഗതാഗത ചട്ട പ്രകാര വാഹന രജിസ്ട്രേഷൻ നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പൂർണമായും ഓണ്‍ലൈൻ സംവിധാനമായതോടെ ആർക്കും എവിടെ വേണമെങ്കിലും രജിസ്ട്രേഷൻ നടത്താമെന്ന സാഹചര്യവുമുണ്ട്.

എവിടെ രജിസ്ട്രേഷൻ ചെയ്യണമെന്ന തീരുമാനം ഇതോടെ അപേക്ഷകൻറേതായി. തിരുവനന്തപുരത്ത് നിന്നും വാങ്ങുന്ന വണ്ടിയുമായി ആലപ്പുഴയിൽ ജോലിക്കായി പോകുന്നയാള്‍ക്ക് അവിടുത്തെ ആർടിഒ ഓഫീസ് വഴി തിരുവനന്തപുരത്ത് രജിസ്ട്രേഷൻ സാധിക്കും. ഹൈക്കോടതി ഉത്തരവിൻെറ അടിസ്ഥനത്തിൽ രജിസ്ട്രേഷനുള്ള സോഫ്റ്റുവയറിൽ മാറ്റം വരുത്തും. ഇതിനുള്ള നടപടികൾ തുടങ്ങിയെന്നും ഇത് പൂ‍ർത്തിയായാൽ ഏത് ആർടിഒ ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാനാകുമെന്നും ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ പണത്തിനോ അല്ലാതെയോ ഓടിക്കുന്നതിന് കൈമാറാൻ പാടില്ലെന്നും അങ്ങനെ കൊടുത്താൽ വാടകക്ക് നൽകിയതായി കണക്കാക്കുമെന്നും ഗതാഗത കമ്മീഷണർ കൂട്ടിച്ചേർത്തു.

ലൈസൻസും – ലൈസൻസ് പുതുക്കലുമെല്ലാം ഇനി മുതൽ സംസ്ഥാന അടിസ്ഥാനത്തിലേക്ക് മാറ്റുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഒരു ആർടിഒ ഓഫീസ് പരിധിയിൽ ലേണേഴ്സ് പാസാകുന്ന അപേക്ഷകന് മറ്റൊരു ആർടിഒ പരിധിയിൽ തിരിക്കില്ലെന്ന് ശ്രദ്ധയിൽപ്പെട്ടാൽ, ഓണ്‍ലൈൻ വഴി അപേക്ഷിച്ച് അവിടെ പോയി ലൈസൻസ് ടെസ്റ്റിന് ഹാജരാകാൻ സാധിക്കുന്ന വിധം മാറ്റം വരുത്താനാണ് ആലോചന.


Reporter
the authorReporter

Leave a Reply