കോഴിക്കോട്: ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത്- ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരഞ്ഞു. ഇത് വരെ നടത്തിയ മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ ഇതു വരെയായി നടത്തിയ മുഴുവൻ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
ജില്ലയിൽ കാലവർഷത്തിനുള്ള തായ്യാറെടുപ്പുകൾ ഈ വർഷമാദ്യം തന്നെ ആരംഭിച്ചിരുന്നു. ജനുവരിയിൽ നടന്ന ഡി.ഡി.എം.എ യോഗത്തിൽ മുൻവർഷങ്ങളിലുണ്ടായ പ്രളയം, വെള്ളക്കെട്ടുകൾ എന്നിവ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ പുതുതായി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തിരുന്നു. കൂടാതെ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഓരോ വകുപ്പും പ്രത്യേകം നോഡൽ ഓഫീസറെയും നിയമിച്ചു.
തുടർന്ന് മാർച്ച് മാസത്തിൽ ചേർന്ന യോഗത്തിൽ നദികളിലേയും മറ്റ് ജലാശയങ്ങളിലേയും വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള നടപടികൾ ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക കമ്മിറ്റികൾ, ബ്ലോക്ക് കമ്മിറ്റികൾ, ജില്ലാ കമ്മിറ്റി എന്നിവ രൂപീകരിച്ചു. യോഗത്തിന്റെ തുടർനടപടിയായി 50 ഓളം പഞ്ചായത്തുകളിലെ 83 ജലാശയങ്ങളിൽ നിന്നും ഒഴുക്ക് തടസ്സപ്പെടുത്തുന്ന ചളിയും, മാലിന്യങ്ങളും നീക്കം ചെയ്തു. കൂടാതെ കോഴിക്കോട് കോർപറേഷൻ, നാല് മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തി. മാഹിപുഴ, കോരപ്പുഴ, ചാലിയാർ, കുറ്റ്യാടി പുഴ എന്നിവിടങ്ങളിലെ എക്കൽ നീക്കുന്ന പ്രവർത്തിയും ഇതോടനുബന്ധിച്ച് ചെയ്തു.
ജില്ലയിൽ 28 വില്ലേജുകളിലായി 71 പ്രദേശങ്ങളിലാണ് മണ്ണിടിച്ചിൽ സാധ്യത(ലോല പ്രദേശങ്ങൾ) യുള്ളതായി നിലവിൽ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങളേയും (997 കുടുംബം) കണ്ടെത്തി അവരുടെ ഫോൺ നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടാകുന്ന സമയത്ത് അവരെ മാറ്റി പാർപ്പിക്കാനുള്ള ഷെൽട്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തുകളുടെയും പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ ആവശ്യമാണ്.
ജില്ലയിലെ മൂന്ന് അണക്കെട്ടുകളുടെയും എമർജൻസി ആക്ഷൻ പ്ലാൻ തയ്യാറാക്കി കഴിഞ്ഞു. ഈ മാസം ആദ്യം നടന്ന യോഗത്തിൽ ഡാമുകൾക്ക് അപകടം ഉണ്ടായാലോ, അവ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് തുറന്ന് വിടുകയോ ചെയ്യേണ്ടി വരുമ്പോൾ ബാധിക്കപ്പെടുന്ന 24 വില്ലേജുകളിലെ പ്രദേശങ്ങളുടെ മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ടതിനായി തയ്യാറാക്കിയ ഷെൽട്ടറുകളും തയ്യാറായിക്കഴിഞ്ഞു. കൂടാതെ, വിവിധ റോഡുപണികൾ കാരണമുണ്ടാകുന്ന തടസ്സങ്ങൾ മൂലം രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ പരിഹരിക്കാനുള്ള ഉത്തരവും നൽകിയിട്ടുണ്ട്.
എല്ലാ പ്രദേശങ്ങളിലും മഴക്കാല പകർച്ച വ്യാധികൾ തടയാനുളള ശുചീകരണ യജ്ഞങ്ങൾ, ബോധവത്കരണം എന്നിവ ജില്ലാ മെഡിക്കൽ ഓഫീസ് ഏകോപിപ്പിക്കുന്നുണ്ട്. കൂടാതെ എല്ലാ ഹെൽത്ത് സെന്ററുകളിലും സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകൾ എത്തിക്കാനും ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്താനും നിർദേശം നൽകിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന ബോട്ടുകൾ എസ്കവേറ്ററുകൾ, വാഹനങ്ങൾ എന്നിവ ലഭ്യമാക്കുന്നവരുടെ കോൺടാക്ട് നമ്പറുകൾ എല്ലാ തഹസിൽദാർമാരും ശേഖരിച്ചിട്ടുണ്ട്.
കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഡ്രൈനേജുകൾ തടസ്സപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ വേണ്ട പ്രവർത്തനങ്ങൾ അടിയന്തിരമായി ചെയ്യേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു.
തദ്ദേശസ്വയംഭരണം, പോലീസ്, അഗ്നി സുരക്ഷ, ആരോഗ്യം, ജലസേചനം, കെ.എസ്.ഇ.ബി, ഫിഷറീസ് എന്നീ വകുപ്പുകൾക്ക് മന്ത്രി യോഗത്തിൽ പ്രത്യേക നിർദേശങ്ങൾ നൽകി. അടിയന്തിര ദുരന്ത പ്രതികരണ പ്രവർത്തനത്തിനായി തുക മാറ്റിവെക്കേണ്ടതും, ക്യാമ്പുകളിലെയും ദുരന്തമേഖലയിലെയും പട്രോളിങും, ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതും, ദുരന്ത സാധ്യതാ പ്രദേശത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കുന്നതും, പുഴകളും കനാലുകളും തടസ്സങ്ങൾ നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതുമുൾപ്പെടെ നിരവധി പ്രധാന കാര്യങ്ങൾ മന്ത്രി പ്രതിപാദിച്ചു.
മുഴുവൻ സന്നാഹങ്ങളോടെയും കൂടിയുള്ള 20 അംഗ എൻ.ഡി.ആർ.എഫ് ടീം ജില്ലയിൽ ക്യാമ്പ് ചെയ്തു കഴിഞ്ഞതായി ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും, പ്രശ്നപരിഹാരത്തിന് അടിയന്തരമായി ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ എം.എൽ.എമാരും, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികളും, വിവിധ വകുപ്പു ഉദ്യോഗസ്ഥരും പങ്കെടുത്തു.