Monday, November 11, 2024
LatestPolitics

കേന്ദ്ര പ്രതിനിധികളെ ക്ഷണിച്ചില്ല;എളമരം പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്ത് ബി.ജെ.പി


കോഴിക്കോട്: പൂർണ്ണമായും കേന്ദ്രഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത നടപടിയിൽ പ്രതിഷേധം. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ എളമരം പാലം ജനകീയ ഉദ്ഘാടനം നടത്തി പ്രതീകാത്മകമായി തുറന്നുകൊടുത്തു.നാളെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെയാണ് ബി.ജെ.പി പ്രതിഷേധം.
കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 35 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച എളമരം കടവ് പാലം ഉദ്ഘാടനത്തിന് കേന്ദ്ര പ്രതിനിധികളെ ക്ഷണിക്കാതെ എട്ടുകാലി മമ്മൂഞ്ഞായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മാറിയതായി ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.വർഷങ്ങളായുള്ള ജനങ്ങളുടെ യാത്രാദുരിതമവസാനിപ്പിക്കാൻ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പാലം യാഥാർത്ഥ്യമായത്. പൂർണ്ണമായും കേന്ദ്രഫണ്ടിൽ നിർമ്മിച്ച പാലത്തിന്‍റെ ഉദ്ഘാടനം കേന്ദ്ര പ്രതിനിധികളെ ഉള്‍പ്പെടുത്താതെ തികച്ചും ബിജെപി വിരുദ്ധ വേദിയാക്കി മാറ്റാനാണ് സർക്കാർ തയ്യാറായതെന്നും വി.കെ സജീവൻ പറഞ്ഞു.പാര്‍പ്പിടം,കുടിവെളളം,റയില്‍വേ,ടൂറിസം,റോഡ് വികസനങ്ങള്‍ക്കായി നൂറുകണക്കിന് കോടിയാണ് കേന്ദ്രസഹായമായി സംസ്ഥാനത്തിന് ലഭിച്ചത്.എന്നിട്ടും കേന്ദ്രം സഹായിക്കുന്നില്ലെന്ന് നുണപ്രചരണമാണ് നടക്കുന്നത്.ഈ പ്രചാര വേലക്കെതിരെയുളള പ്രതിഷേനം കൂടിയാണ് പാലത്തിന്‍റെ ജനകീയ ഉദ്ഘാടനമെന്നും സജീവന്‍ പറഞ്ഞു.
കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിച്ച പാലത്തിൻ്റെ കോഴിക്കോട് ഭാഗത്തെ പ്രവേശന കവാടം തുറന്ന് കൊടുത്ത് പ്രവർത്തകർ നീങ്ങിയപ്പോൾ പാലത്തിൻ്റെ എതിർ ഭാഗത്ത് മലപ്പുറം ജില്ലയിലെ ബി.ജെ.പ്രവർത്തകരും അഭിവാദ്യം ചെയ്തു.
ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡൻറ് ഹരിദാസ് പൊക്കിണാരി, ജില്ല സെൽ കോഡിനേറ്റർ തളത്തിൽ ചക്രായുധൻ, കുന്ദമംഗലം മണ്ഡലം പ്രസിഡൻ്റ് സുധീർ കുന്ദമംഗലം, ഒളവണ്ണ മണ്ഡലം പ്രസിഡൻ്റ് കെ. നിത്യാനന്ദൻ, യുവമോർച്ച ജില്ലാ ട്രഷറർ യദുരാജ്, പി.സിദ്ധാർത്ഥൻ, പവിത്രൻ പനിക്കൽ, എം.വി.സുമേഷ്, സുനോജ് കുമാർ, പി.സുഗേഷ്, സിമി വെലായുധൻ, കെ.സി.രാജൻ, ലീന എന്നിവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply