General

സിറിയയിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അറിയിച്ച് വിദേശകാര്യ മന്ത്രാലയം. സിറിയയിലുള്ള ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാനും മന്ത്രാലയം ആവശ്യപ്പെട്ടു

സിറിയയില്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു, വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാരോട് ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പറായ +963 993385973 (വാട്ട്‌സ്ആപ്പിലും) ഇമെയില്‍ ഐഡിയായ hoc.damascus@mea.gov.in എന്നിവയിലും ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

സാധ്യമായവര്‍ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളില്‍ പുറപ്പെടാന്‍ നിര്‍ദ്ദേശിക്കുന്നു, മറ്റുള്ളവരോട് അവരുടെ സുരക്ഷയെക്കുറിച്ച് പരമാവധി മുന്‍കരുതല്‍ സ്വീകരിക്കാനും യാത്രകള്‍ പരമാവധി പരിമിതപ്പെടുത്താനും അഭ്യര്‍ത്ഥിക്കുന്നു. മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ബഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരെ സിറിയയിലെ വിമത സേന മിന്നല്‍ ആക്രമണം നടത്തിയതിനു ശേഷം 3,70,000 പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. സിറിയയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.

സിറിയയുടെ വടക്കന്‍ മേഖലയില്‍ അടുത്തിടെയുണ്ടായ പോരാട്ടം രൂക്ഷമായത് ഞങ്ങള്‍ ശ്രദ്ധിച്ചു. സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിവിധ യുഎന്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 14 പേര്‍ ഉള്‍പ്പെടെ 90 ഇന്ത്യന്‍ പൗരന്മാര്‍ സിറിയയിലുണ്ട്, വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply