Thursday, December 26, 2024
GeneralLatest

ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ മെഗാ വിഷുക്കൈനീട്ടം 


കോഴിക്കോട്:  ക്ഷീര കര്‍ഷകര്‍ക്ക് ഇക്കുറി മലബാര്‍ മില്‍മയുടെ മെഗാ വിഷുക്കൈനീട്ടം. മലബാറിലെ 1200 ക്ഷീര സംഘങ്ങളിലായി പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി 14.8 കോടി രൂപയാണ് ഇക്കുറി വിഷുക്കൈനീട്ടമായി മലബാര്‍ മില്‍മ നല്‍കുന്നത്. മാര്‍ച്ച്  മാസം  കര്‍ഷകര്‍ നല്‍കിയ പാലിന് അധിക വിലയായി ഈ തുക നല്‍കും. മലബാര്‍ മില്‍മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക വിഷുക്കാലത്ത്  ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോവിഡിനെ അതിജീവിച്ച് നാട് വീണ്ടും സജീവമാകുന്ന ഈ വേളയില്‍ മില്‍മ നല്‍കുന്ന സഹായം ക്ഷീരകര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകും. ഇന്ന് രാജ്യത്ത്് കര്‍ഷകര്‍ക്ക് ഏറ്റവും ഉയര്‍ന്ന പാല്‍ വില നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും ചെയര്‍മാന്‍ പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍ സംഭരിച്ച് അത് നമ്മുടെ വിപണിയില്‍ എത്തിക്കുന്ന സ്വകാര്യ സംരഭര്‍ ഇന്ന് ഏറെയുണ്ട്.  കൂടുതല്‍ കമ്മീഷന്‍ നല്‍കി ഇവര്‍ കച്ചവടക്കാരെ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിപ്പിക്കാനായി പ്രേരിപ്പിക്കുന്നു. പാലിന്റെ ഗുണമേന്മയും ജനങ്ങളിലെ വിശ്വാസവും വ്യാപാരികളുടെ പിന്തുണയും കാരണം മില്‍മയ്ക്ക് ഈ  വെല്ലുവിളികളെ അതിജീവിക്കാനാവുന്നു.കോവിഡ് പ്രതിസന്ധി കാലത്ത്  പാല്‍ വിപണിയില്‍ ഉണ്ടായ  മാന്ദ്യം കാരണം ഏറ്റവും കടുത്ത വെല്ലുവിളി നേരിട്ട രാജ്യത്തെ തന്നെ ഏക മില്‍ക്ക് യൂണിയനാണ്  മലബാര്‍ മേഖലാ യൂണിയന്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മൂന്നു കോടിയോളം ലിറ്റര്‍ പാല്‍ വലിയ നഷ്ടം സഹിച്ച് പാല്‍പ്പൊടിയാക്കി മാറ്റേണ്ടി വന്നു മലബാര്‍ യൂണിയന്.  ഈയിനത്തില്‍ മാത്രം 50 കോടിയോളം  രൂപ നഷ്ടമായി.
 ഈ പ്രതിസന്ധിയിലും കര്‍ഷകരില്‍ നിന്ന് ഒരു ദിവസം പോലും പാല്‍ എടുക്കാതിരുന്നിട്ടില്ല. എടുക്കുന്ന പാലിന്റെ വില ഓരോ പത്ത് ദിവസം കൂടുമ്പോഴും  കൃത്യമായി നല്‍കുകയും ചെയ്തു. കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളിലും മുടക്കം വരുത്തിയില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്‍ഷൂറന്‍സ് സ്‌കീമുകള്‍,  സബ്സിഡികള്‍, വെറ്ററിനറി  സഹായം, തീറ്റവസ്തുക്കളുടെ വിലക്കയറ്റത്തെ നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍, ബിഎംസി പ്രവര്‍ത്തനങ്ങള്‍, അധിക പാല്‍വില നല്‍കല്‍  എന്നിവ മുടങ്ങാതെ തുടരുന്നു.
മില്‍മ ജീവനക്കാര്‍, സംഘം ജീവനക്കാര്‍, മില്‍മ ഏജന്റുമാര്‍, ആര്‍.ഡി ഡീലര്‍മാര്‍, വാഹന തൊഴിലാളികള്‍ തുടങ്ങി മില്‍മയുമായി സഹകരിക്കുന്ന സകലരുടെയും കൂട്ടായ പ്രവര്‍ത്തനവും കേരള സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുമാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചു നില്‍ക്കാനും തുടര്‍ന്ന് മുന്നേറാനും മില്‍മക്ക് കരുത്തായത്. നിലവില്‍ 100 കോടിയോളം രൂപ പ്രതിമാസം മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വിലയായി നല്‍കുന്നുണ്ട്.
കോവിഡ് കാലത്ത്  മാര്‍ക്കറ്റിംഗ് രംഗത്ത് കൊണ്ടുവന്ന വിപ്ലവകരമായ വിപണി വൈവിധ്യവത്ക്കരണം മില്‍മയ്ക്ക് കരുത്തായിട്ടുണ്ട്. കോവിഡ് ഭീതി മാറി വിപണി ഉണര്‍ന്നതോടെ പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയിലേക്കെത്തിച്ചും നിലവിലുള്ള ഉത്പ്പന്നങ്ങളുടെ ലഭ്യത മാര്‍ക്കറ്റില്‍ വര്‍ധിപ്പിച്ചും  കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് മില്‍മ. ഇതിന്റെ ഭാഗമായി ചക്കപ്പായസം മിക്‌സ്, ബട്ടര്‍ റസ്‌ക് എന്നിവ ഇന്ന് വിപണിയിലിറക്കുകയാണ്.  റെഡി റ്റു ഈറ്റ് രൂപത്തിലുള്ള പനീര്‍ ബട്ടര്‍ മസാല ട്രയല്‍ മാര്‍ക്കറ്റിംഗ് തുടങ്ങി. വൈകാതെ ഈ ഉത്പ്പന്നവും വിപണിയില്‍ എത്തുമെന്നും കെ.എസ്. മണി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മലബാര്‍ മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ. പി.മുരളി, ജനറല്‍ മാനെജര്‍മാരായ  കെ.സി. ജെയിസ്, എന്‍.കെ. പ്രേംലാല്‍,  എം.ആര്‍.ഡി.എഫ് സിഇഒ ജോര്‍ജ്ജ് കുട്ടി ജേക്കബ്  എന്നിവര്‍ പങ്കെടുത്തു.
ചക്കപ്പായസം മിക്‌സ് 
മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്മെന്റ് ഫൗണ്ടേഷന്‍ (എംആര്‍ഡിഎഫ്)  വിപണിയിലിറക്കുന്നതാണ്  ചക്കപ്പായസം മിക്‌സ്.  പാലും, ചക്ക പൗഡറും പായസത്തിലേക്കുള്ള  മറ്റ് ചേരുവകളും   അടങ്ങിയ പാക്കറ്റാണ് ചക്കപായസം മിക്‌സിന്റേത്. പാലും പായസ കിറ്റും ചേര്‍ത്ത് ചക്കപായസം  തയ്യാറാക്കാം.   പ്രിസര്‍വേറ്റീവോ, ആര്‍ട്ടിഫിഷല്‍  ഫ്ളേവറോ, കളറോ  ചേര്‍ക്കാതെ ചക്കയില്‍ നിന്ന് നിര്‍മിക്കുന്ന ഉത്പ്പന്നമാണിത്. സ്വാദിനോടൊപ്പം തന്നെ ആരോഗ്യദായകവും. ചക്കപ്പായസം മിക്‌സ്  മൂന്നു മാസം വരെ വീട്ടിലെ താപ നിലയില്‍ കേടുവരാതെ സൂക്ഷിക്കാം.
 ബട്ടര്‍ റസ്‌ക് ( വെണ്ണ റൊട്ടി) 
കൂടുതല്‍ പോഷക മൂല്യത്തോടെ മില്‍മ ബട്ടര്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതാണ് ബട്ടര്‍ റസ്‌ക് അഥവാ വെണ്ണ റൊട്ടി. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല്‍ സംഭരിച്ച് അതില്‍ നിന്നും നിര്‍മിക്കുന്ന ശുദ്ധമായ വെണ്ണ ഉപയോഗിക്കുന്നതിനാല്‍ രുചിയിലും ഗുണത്തിലും ബട്ടര്‍ റസ്‌ക് മുന്നിട്ടു നില്‍ക്കുന്നു. എംആര്‍ഡിഎഫ് ഉത്പ്പന്നങ്ങളായ ബ്രഡ്്, ബണ്‍, കപ്പ് കേക്ക് തുടങ്ങിയവ നിലവില്‍ വിപണിയില്‍ ലഭ്യമാണ്.
പനീര്‍ ബട്ടര്‍ മസാല
ഏറെ നാളത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ മില്‍മ വികസിപ്പിച്ചെടുത്ത ഉത്പ്പന്നമാണ്  റെഡി ടു ഈറ്റ് ‘പനീര്‍ ബട്ടര്‍ മസാല’. മസാല ചേര്‍ത്ത്  പാകം ചെയ്ത മില്‍മ പനീര്‍  പാക്കറ്റും മില്‍ക്ക് ക്രീം പാക്കറ്റും അടങ്ങിയതാണ് റെഡി ടു ഈറ്റ് മില്‍മ പനീര്‍ ബട്ടര്‍ മസാല. പാക്കറ്റ് പൊട്ടിച്ച് പനീറും മില്‍ക്ക് ക്രീമും ഇളക്കി സംയോജിപ്പിച്ച് കഴിക്കാം. ചൂട് വേണമെന്നുള്ളവര്‍ക്ക് തവയിലോ ചട്ടിയിലോ വെച്ച് അല്‍പ്പം ചൂടാക്കിയും കഴിക്കാം. പനീര്‍ ബട്ടര്‍ മസാലയുടെ ട്രയല്‍ മാര്‍ക്കറ്റിംഗ് നടന്നു വരികയാണ്. വൈകാതെ വിപണിയില്‍ ഇറക്കും.യാതൊരു വിധ രാസ പദാര്‍ത്ഥങ്ങളോ,  കളറോപ്രിസര്‍വേറ്റീവോ ഒന്നും ചേര്‍ക്കാതെ പ്രകൃതദത്ത ചേരുവകള്‍ മാത്രം ഉപയോഗിച്ച്  നിര്‍മ്മിച്ച ഈ ഉത്പ്പന്നം  മൂന്നു മാസം വരെ സാധാരണ താപനിലയില്‍  കേടുവരാതെ സൂക്ഷിക്കാം.

Reporter
the authorReporter

Leave a Reply