Friday, November 22, 2024
BusinessHealth

പക്ഷാഘാതം: സമഗ്രപരിചരണത്തിനായി മേയ്ത്ര ഹോസ്പിറ്റലില്‍ പ്രത്യേക യൂണിറ്റ് ആരംഭിച്ചു


കോഴിക്കോട്: പക്ഷാഘാതം സംഭവിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കെ, പക്ഷാഘാതം സംഭവിക്കുന്ന രോഗികളുടെ സമ്പൂര്‍ണ്ണ പരിചരണം ലക്ഷ്യമാക്കി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ സമഗ്ര പക്ഷാഘാത മാനേജ്‌മെന്റ് യൂണിറ്റ് ആരംഭിച്ചു. പക്ഷാഘാതം സംഭവിച്ചവരുടെ പുനരധിവാസ ചികിത്സാപദ്ധതികളടക്കം ശാസ്ത്രീയവും സമഗ്രവുമായ സംവിധാനങ്ങളാണ് യൂണിറ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ചാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കാന്‍സറും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന രോഗമായി പക്ഷാഘാതം മാറിയിരിക്കുന്നു. രോഗം വന്നാല്‍ ആദ്യ മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്നിരിക്കെ ഉടന്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാനും ശരീരം തളരാനുമുള്ള സാധ്യതയുണ്ട്. പക്ഷാഘാതം സംഭവിച്ച രോഗിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ വഴി പരിശോധിച്ച് മറ്റ് അവയവങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ടോ എന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അറിയാന്‍ കഴിയുന്ന സംവിധാനമാണ് മേയ്ത്ര ഹോസ്പിറ്റല്‍ ഒരുക്കിയിരിക്കുന്നത്. കൃത്യമാര്‍ന്ന വിവരങ്ങള്‍ ഏറ്റവും ഫലപ്രദമായ ചികിത്സാരീതി തെരഞ്ഞെടുക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ സഹായിക്കും.
പക്ഷാഘാതം സംഭവിച്ച രോഗികളുടെ സമഗ്രമായ ആരോഗ്യ പുനരധിവാസ സംവിധാനം ഉപയോഗിച്ച് അവര്‍ക്ക് നഷ്ടപ്പെട്ട ശരീര ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുന്നതിനാവശ്യമായ ചികിത്സാരീതികളും ഇതിന്റെ ഭാഗമാണ്. പ്രഗത്ഭരായ ന്യൂറോളജിസ്റ്റുകള്‍, ന്യൂറോസര്‍ജന്‍മാര്‍, ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍, ന്യൂറോ ഫിസിയാട്രിസ്റ്റുകള്‍, സ്പീച്ച് തെറപിസ്റ്റുകള്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഏറ്റവും മികച്ച സംവിധാനമാണ് മേയ്ത്ര ഹോസ്പിറ്റലിലെ സമഗ്ര സ്‌ട്രോക്ക് മാനേജ്‌മെന്റ് യൂണിറ്റ്.
രക്തധമനികളില്‍ പെട്ടെന്ന് രക്തം കട്ട പിടിച്ചുണ്ടാകുന്ന തടസ്സങ്ങള്‍ തലച്ചോറിനെ ബാധിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നതാണ് പക്ഷാഘാതമെന്നും സംഭവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ന്യൂറോ സയന്‍സ് ചെയര്‍മാന്‍ ഡോ. കെ. എ. സലാം പറഞ്ഞു. ആദ്യത്തെ നാലര മണിക്കൂര്‍ സുവര്‍ണ്ണ മണിക്കൂറുകളായാണ് കണക്കാക്കപ്പെടുന്നതെന്നും ഈ സമയത്തിനുള്ളിലാണെങ്കില്‍ കട്ട പിടിച്ച രക്തം അലിയിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലക്ഷണങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് ചികിത്സിക്കാന്‍ കഴിഞ്ഞാല്‍  വളരെ മികച്ച ഫലമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവുമായി ബന്ധപ്പെടുത്തിയുള്ള സി.ടി., എം.ആര്‍.ഐ സ്‌കാനിംഗുകളിലൂടെ രോഗിയുടെ കൃത്യമായ അവസ്ഥ മനസ്സിലാക്കി ഉടന്‍ അനുയോജ്യമായ മികച്ച ചികിത്സ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ബ്രെയ്ന്‍ ആന്റ് സ്‌പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മിഷാല്‍ ജോണി പറഞ്ഞു.
ഉടന്‍ തീരുമാനമെടുക്കലും അത് നടപ്പാക്കലും വളരെ നിര്‍ണ്ണായകമായ സാഹചര്യമാണ് പക്ഷാഘാതത്തിന്റെ കാര്യത്തിലുള്ളത്. അതുകൊണ്ടു തന്നെ രോഗി ആശുപത്രിയിലെത്തിയാല്‍ ഒരു നിമിഷം പോലും കളയാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സര്‍വ്വസജ്ജമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം എത്ര പെട്ടെന്ന് പുനസ്ഥാപിക്കുന്നോ രോഗിക്ക് സംഭവിക്കാവുന്ന നഷ്ടങ്ങളില്‍  അത്രയും കുറവ് വരുത്താന്‍ കഴിയുമെന്നതുകൊണ്ട് സമയബന്ധിതമായ സമഗ്ര ചികിത്സയാണ് ആവശ്യമെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു. രോഗിയുടെ അവസ്ഥയനുസരിച്ച് കൃത്യമായ രോഗനിര്‍ണ്ണയവും അടിയന്തരമായ ഫിസിഷ്യന്‍മാരുടെ ഇടപെടലുമാവുമ്പോള്‍ രോഗിക്ക് സംഭവിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ കുറയും. പക്ഷാഘാതത്തിലൂടെ നഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്റെ വേഗം കൂട്ടാനും സഹായിക്കും വിധമാണ് സമഗ്ര പക്ഷാഘാത മാനേജ്‌മെന്റ് യൂണിറ്റ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Reporter
the authorReporter

Leave a Reply