കോഴിക്കോട് :കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയുടെ കീഴിലുളള ദർശനം വായനാമുറി അമേരിക്കസ് ഒന്നാം വാർഷിക വായനോത്സവം കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ 12 വരെ നടക്കും. വയലാർ അവാർഡ് ജേതാവായ കഥാകൃത്ത് കെ.പി. രാമനുണ്ണി ഒക്ടോബർ 31 ഞായറാഴ്ച ന്യൂയോർക്ക് സമയം രാവിലെ 11 മണിക്ക് (സെൻട്രൽ സമയം രാവിലെ 10 മണി) വായനോത്സവം ഉദ്ഘാടനം ചെയ്യും.
അമേരിക്കൻ മലയാളി എഴുത്തുകാരായ എതിരൻ കതിരവൻ, എസ്. അനിലാൽ, കെ.വി. പ്രവീൺ, പി.ടി. പൗലോസ്, ബിജോ ജോസ് ചെമ്മാന്ത്ര, പ്രിയ ജോസഫ്, കാനഡയിൽ നിന്നുള്ള എഴുത്തുകാരായ നിർമ്മല, കുഞ്ഞൂസ്, ഫാത്തിമ ഹുസൈൻ, സുരേഷ് നെല്ലിക്കോട് എന്നിവരുടെ രചനകളാണ് 12 ദിവസങ്ങളിലായി വായനക്കാർക്കായി സമർപ്പിക്കുന്നത്.
2020 നവംബർ ഒന്നിന് കേരള പിറവി ദിനത്തിലാണ് കഥാകൃത്ത് അശോകൻ ചരുവിൽ അമേരിക്കൻ വായനമുറി ഉദ്ഘാടനം ചെയ്തത്.കുട്ടികളുടെ വായനമുറി, അധ്യാപകരുടെ വായനമുറി തുടങ്ങി വിവിധ വായനക്കൂട്ടങ്ങളിൽ നിന്നായി 4500 ൽ പരം മലയാളി വായനക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ദർശനം സാംസ്കാരിക വേദിയുടെ ഈ സൗജന്യ സേവനം ദിവസേന ഉപയോഗിക്കുന്നുണ്ട്.നാനൂറിലധികം വായനക്കാർ അമേരിക്കയിൽ നിന്നു മാത്രം ഉണ്ട്.
സാംസ്കാരിക വേദി പ്രസിഡണ്ട് ടി.കെ സുനിൽകുമാർ, സെക്രട്ടറി എം.എ ജോൺസൺ, ഐ.ടി ചുമതലയുള്ള പി.സിദ്ധാർത്ഥൻ, രക്ഷാധികാരി കവി പി.കെ ഗോപി എന്നിവരും 12 അംഗ ഐ.ടി ടീമും, അമേരിക്കയിൽ നിന്നുള്ള എട്ട് കോർ ഗ്രൂപ്പ് അംഗങ്ങളുമാണ് അമേരിക്കൻ വായനാമുറിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.