വടകര: വടകര ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പട്ടു. നെഫ്രാളജിസ്റ്റ്, കാർഡിയോളജിസ്റ്റ് തസ്തികയിൽ സോക്ടർമാരുടെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നതിനാൽ രോഗികൾ വലയുകയാണ്.
ആശുപത്രി ശോച്യാവസ്ഥയെ സംബന്ധിച്ച് യോഗത്തിൽ സമിതി അംഗം പി.പി. സുരേഷ് ബാബുവാണ് ഉന്നയിച്ചത്. താലൂക്ക് ആശുപത്രി ജില്ലതലത്തിൽ ഉയർത്തിയെങ്കിലും ആവശ്യമായ സ്റ്റാഫ് പാറ്റേൺ അനുവദിക്കാത്തതാണ് ആതുരകേന്ദ്രത്തിലെ പ്രധാന പ്രശ്നമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
മുക്കാളി റെയിൽവേ സ്റ്റേഷനിൽ കോവിഡിനുമുമ്പ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദേശീയപാത നിർമാണത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ട്രെയിനുകൾ നിർത്തേണ്ടത് യാത്രക്കാർക്ക് ആവശ്യമാണെന്ന് പ്രദീപ് ചോമ്പാല പറഞ്ഞു.
മയ്യഴി പുഴയുടെ ഒരു ഭാഗം പൂർണമായി മണ്ണിട്ട് നികത്തിയതായി പുഴസംരക്ഷണസമിതി സെക്രട്ടറി ജാഫർ വാണിമേൽ പരാതി നൽകി.
പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനാവശ്യമായവിധം പുഴയുംപുഴയോരവും പൂർവസ്ഥിതിയിലാക്കമെന്ന് ആവശ്യമുയർന്നു. റവന്യൂ വകുപ്പ് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് സമിതിഅംഗങ്ങൾ പറഞ്ഞു.
വടകര ലിങ്ക് റോഡിലെ ബസ് സ്റ്റാൻസ് നേരത്തേയുള്ള പഴയ സ്റ്റാൻഡിലേക്ക് മാറ്റണമെന്ന് സമിതിഅംഗം പി.പി. രാജൻ, വടകര മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. അബ്ദുൽ സലാം എന്നിവർ ആവശ്യപ്പെട്ടു. പ്രശ്നം മുനിസിപ്പൽ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് താഹസിൽദാർ ഡി. രഞ്ജിത്ത് പറഞ്ഞു. പഴയ സ്റ്റാൻഡിൽ ലിങ്ക് റോഡിൽ നിർത്തിയിടുന്ന ബസുകൾക്ക് സർവിസ് നടത്താൻ സൗകര്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. സമിതിഅംഗം സി.കെ. കരീം അധ്യക്ഷതവഹിച്ചു. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി, സമിതി അംഗങ്ങളായ പി. സുരേഷ് ബാബു, പ്രദീപ് ചോമ്പാല, പി.പി. രാജൻ, ടി.വി. ഗംഗാധരൻ, ബിജു കായക്കൊടി എന്നിവർ സംസാരിച്ചു.