കോഴിക്കോട്: ഹൈസ്കൂൾ വിഭാഗം മലയാളം നാടക മത്സരത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനവും,എ ഗ്രേഡും കരസ്ഥമാക്കിയ മേമുണ്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പാക്കിസ്ഥാന്‍ അനുകൂല ‘ബൗണ്ടറി’ നാടകം അതിരു കടന്നതാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി കെ സജീവൻ. പാക്കിസ്ഥാനെ അതിർത്തി കെട്ടി തിരിച്ച് ശത്രു രാജ്യമായി കാണുന്നത് സങ്കുചിത ദേശീയ ബോധം കൊണ്ടാണെന്നും,
നമ്മുടെ രാജ്യം വിശാലമായി ചിന്തിക്കാൻ പക്വത പ്രാപിച്ചിട്ടില്ലെന്നും കഥാപാത്രങ്ങളെക്കൊണ്ട് കൊണ്ട് നാടകത്തില്‍ പറയിപ്പിക്കുന്നു. ഇത്തരം സംഭാഷണങ്ങളിലൂടെ തിരക്കഥ എഴുതി ഉണ്ടാക്കിയ ആളിന്റെയും കുറച്ച് അധ്യാപകരുടെയും ചിന്തകൾ ഗൂഢ ലക്ഷ്യത്തോടെ ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. കൊച്ചുകുട്ടികളെ പ്രചാരണ ആയുധമാക്കി മുതിർന്നവർ കുട്ടികൾക്കായി ഒരു നാടകത്തിന് തിരക്കഥ എഴുതുമ്പോൾ അത് സാമൂഹിക യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതും നാടിനു ഗുണമുള്ളതും ആകണം.
പക്ഷേ അതിരുകൾ എന്ന നാടകം തീവ്ര രാഷ്ട്രീയം പ്രചരിപ്പിക്കാൻ കുട്ടികളെ ഉപയോഗിക്കുന്നതിനായി മാറി.ബ്രസീലിനേയും,അര്‍ജന്‍റീനയേയും പോലെയാണ് പാക്കിസ്ഥാനെന്ന് നാടകം പറഞ്ഞു വെക്കുന്നു.
ബ്രസീലോ അർജന്റീനയോ നമ്മുടെ സൈനിക ഉദ്യോഗസ്ഥരെ ആക്രമിക്കുകയോ,അതിര്‍ത്തി കടന്ന് തീവ്രവാദപ്രവര്‍ത്തനം നടത്തുകയോ ചെയ്തിട്ടില്ല. പാക്ക് അക്രമങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിച്ച് ജീവൻ ബലിയർപ്പിച്ച നൂറുകണക്കിന് രക്തസാക്ഷികളുടെ കുടുംബങ്ങളെ നാടകത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഓര്‍ക്കണമായിരുന്നു. പാക്ക് അനുകൂല നാടകം അപ്പീലിലൂടെ ജില്ലാകലോത്സവവേദിയിലെത്തിച്ചത് രാഷ്ട്രീയ സ്വാധീനത്തിലൂടെയാണ്.സംസ്ഥാന കലോത്സവത്തില്‍ നാടകം അവതരിപ്പിക്കാന്‍ പോകുന്നത് മുംബൈ ഭീകരാക്രമണക്കേസില്‍ വീരമൃത്യു വരിച്ച കാപ്റ്റന്‍ വിക്രമിന്‍റെ പേരിലുളള വെസ്റ്റ് ഹില്‍ മൈതാനിയിലും.
ഇത് വിരോധാഭാസമാണെന്നും, ഇത്തരം രാജ്യദ്രോഹം പ്രോത്സാഹിപ്പിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്ത ഉത്തരവാദപ്പെട്ടവരെ നിയമനടപടിക്ക് വിധേയമാക്കണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.