Friday, December 6, 2024
EducationLatest

കംപ്യൂട്ടഡ് ടോമോഗ്രഫി സ്‌കാന്‍ തിരൂരില്‍ 


കംപ്യൂട്ടഡ് ടോമോഗ്രഫി സ്‌കാന്‍ തിരൂരില്‍

തിരൂര്‍: ഡയഗ്നോസ്റ്റിക് ഇമേജിംഗ് രംഗത്ത്  മുന്‍നിരക്കാരായ ഫ്യുജി ഫിലിം ഇന്ത്യ ഏറ്റവും നൂതന സാങ്കേതികയുള്ള  ഫ്യുജി ഫിലിംസ് സി.ടി സ്‌കാന്‍ തിരൂർ സൂര്യ ഡയഗ്നോസ്റ്റിക്‌സ് സെന്ററില്‍ സ്ഥാപിച്ചു. കൃത്യതയും ഗുണമേന്മയുമുള്ള ആരോഗ്യപരിപാലന സംവിധാനം ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനും പുതിയൊരു സ്‌ക്രീനിംഗ് സംസ്‌കാരം കൊണ്ടുവരാനും ഇതു വഴിയൊരുക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സാങ്കേതികതയുടെ പിന്തുണയോടെ സി.ടി ഇമേജുകള്‍ക്ക് മികച്ച ഗുണമേന്മയും കൂടുതല്‍ വ്യക്തതയും ലഭിക്കുന്നതിനു പുറമെ വളരെ കുറഞ്ഞ റേഡിയേഷന്‍, നേരിയ ശബ്ദം, കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ എന്നിവ സിടി സ്‌കാനറിന്റെ സവിശേഷതകളാണ്. മെഷിന്‍ ലേണിംഗ് ടെക്‌നിക്കുകളുടെ പിന്‍ബലത്തില്‍ രൂപപ്പെടുത്തിയ ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് (എ.എന്‍.എന്‍) തെളിച്ചം കുറഞ്ഞ സി ടി ഇമേജുകള്‍ മികച്ച ഗുണമേന്മയോടെ പുനസൃഷ്ടിക്കാന്‍ സഹായിക്കും. ഇതുവഴി സ്വാഭാവിക തനിമയോടെ ഉന്നത ഗുണമേന്മയുള്ള സി.ടി ഇമേജുകള്‍ 60 സെക്കന്‍ഡുകള്‍ക്കകം ലഭ്യമാകും.

ശസ്ത്രക്രിയ അനിവാര്യമാണോ എന്ന് ഉറപ്പുവരുത്താന്‍ സഹായിക്കുന്ന സിടി സ്‌കാന്‍, നിരീക്ഷണാര്‍ഥമുള്ള ശസ്ത്രക്രിയകള്‍ കുറയ്ക്കാനും കാന്‍സര്‍ എളുപ്പം നിര്‍ണയിക്കാനും ചികിത്സ ഫലപ്രദമാക്കാനും ആശുപത്രിവാസം കുറയ്ക്കാനും മുറിവുകള്‍, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനും സഹായിക്കും. രോഗിക്ക് ഏതു തരം ചികിത്സയാണ് അനിവാര്യമെന്നു കണ്ടെത്താനും സി.ടി സ്‌കാന്‍ സഹായകമാകും.

ആരോഗ്യ പരിരക്ഷ ലഭിക്കുന്ന കാര്യത്തില്‍ രാജ്യത്ത് വലിയ അസമത്വമാണുള്ളതെന്നും നൂതനമായ വൈദ്യ സാങ്കേതികതയുള്ള മെഷിനുകള്‍ വഴി ഇതു പരിഹരിക്കാന്‍ സാധിക്കുമെന്നും ഫ്യുജി ഫിലിം ഇന്ത്യ മെഡിക്കല്‍ ഡിവിഷന്‍ മേധാവിയും എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റുമായ ചന്ദ്രശേഖര്‍ സിബല്‍ പറഞ്ഞു. സൂര്യ ഡയഗ്നോസ്റ്റിക്‌സുമായുള്ള സഹകരണം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതികതയുള്ള സിടി സ്‌കാന്‍ സൂര്യയില്‍ സ്ഥാപിക്കുന്നതു വഴി ഗുരുതരമായ രോഗാവസ്ഥ കണ്ടെത്തുന്നതുള്‍പ്പെടെ ഏറ്റവും പുതിയ ആരോഗ്യപരിരക്ഷാ സൗകര്യം മേഖലയിലെ ജനങ്ങള്‍ക്കു ലഭിക്കുമെന്നും രോഗനിര്‍ണയത്തില്‍ ഏറ്റവും മികച്ച ഗുണനിലവാരവും സമഗ്രമായ സമീപനവുമാണ് ഫ്യുജി ഫിലിം ഇന്ത്യയുടെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം പറഞ്ഞു.

രോഗികളോട് മനുഷ്യത്വപരമായ സമീപനം പുലര്‍ത്തുന്ന സൂര്യ ഏറ്റവും ഉയര്‍ന്ന സാങ്കേതികതയോടെയുള്ള രോഗനിര്‍ണയമാണ് നടത്തിവരുന്നതെന്നും എ.ഐ പിന്തുണയോടെയുള്ള ആദ്യ സി.ടി സ്‌കാന്‍ സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച സൂര്യ ഡയഗ്നോസ്റ്റിക്‌സ് കണ്‍സല്‍ട്ടന്റ് റേഡിയോളജിസ്റ്റും നിയുക്തപാര്‍ട്ണറുമായ ഡോ. റോഷന്‍ കെ വല്‍സന്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply