കോഴിക്കോട്: കോർപ്പറേഷൻ ഉടമസ്ഥതയിലുളള ഭൂമി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് നടത്തുന്ന തെറ്റായ അവകാശവാദത്തിന് ഭരണ പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കിഴക്കേ നടക്കാവിലെ തര്‍ക്കഭൂമിയാണെന്ന് പറയുന്ന കോര്‍പറേഷന്‍റെ ക്വാട്ടേഴ്സുകളും, അംഗന്‍വാടിയും നിലനിന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കേ നടക്കാവിലെ 35 സെന്റ് ഭൂമിക്കാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ കോർപ്പറേഷൻ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. കോർപ്പറേഷൻ നികുതി അടച്ചുവരുന്ന കോർപ്പറേഷൻ ഭൂമി സംരക്ഷിക്കേണ്ടവർ തന്നെ ഭൂമി വിട്ടു നൽകാന്‍ തയ്യാറായതുപോലെയാണ് പെരുമാറുന്നത്.
സ്ഥലത്ത് നിലനിന്നിരുന്ന കെട്ടിടങ്ങൾക്ക് കോർപ്പറേഷനാണ് നികുതി അടച്ചിരുന്നത്. വാണിജ്യാവശ്യത്തിന് കെട്ടിടം നിർമിക്കാനാണെന്ന് പറഞ്ഞാണ് കെട്ടിടങ്ങള്‍ ദ്രുതഗതിയില്‍ പൊളിച്ചത്. തുടര്‍ച്ചയായി 2022 വരെ കോര്‍പറേഷന്‍ ബജറ്റില്‍ ഇവിടെ ബിഒടി വ്യവസ്ഥയല്‍ ഉണ്ടാക്കാന്‍ പോകുന്ന സമുച്ഛയത്തെക്കുറിച്ച് പരാമര്‍ശവും ഉണ്ടായിരുന്നു. ഇപ്പോള്‍ കോര്‍പറേഷനിലെ ഭരണ പ്രതിപക്ഷങ്ങള്‍ നിര്‍മ്മാണങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞിരിക്കുകയാണെന്ന് മാത്രമല്ല ഈ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവെയ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലുടനീളവും കേരളത്തിലും വ്യാപകമായി പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും ഭൂമി വഖഫ് ഭൂമിയാണെന്ന് പറഞ്ഞു ഏറ്റെടുക്കാൻ വഖഫ് ബോർഡ് ശ്രമം നടത്തുകയാണ്. പല സംസ്ഥാനങ്ങളിലും ഇത്തരം നീക്കങ്ങൾ നടക്കുന്നുണ്ട്.
ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. വഖഫ് ബോർഡിന്റെ അവകാശ വാദത്തിനെതിരെ കോർപ്പറേഷൻ ഹൈക്കോടതിയെ സമീപിക്കണമെന്നും ഇല്ലാത്തപക്ഷം ബിജെപി നിയമ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബില്ലിന്‍റെ പാര്‍ലമെന്‍റിലെ പരിശോധനാകമ്മറ്റിയംഗവും ബിജെപി കേരള സഹപ്രഭാരിയുമായ അപരാജിത സാരംഗി എം.പി യെ സ്ഥലത്ത് കൊണ്ടുവന്ന് ഈ വിഷയം ശ്രദ്ധയില്‍ പെടുത്തുമെന്നും രമേശ് പറഞ്ഞു.ബിജെപി സംസ്ഥാന വൈസ്പ്രസിഡന്‍റ് പി.രഘുനാഥ്,ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍,ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത്കുമാര്‍,വാര്‍ഡ് കൗണ്‍സിലര്‍ നവ്യ ഹരിദാസ്,നേതാക്കളായ പ്രശോഭ് കോട്ടുളി,ടി.റിനീഷ്,കെ.ഷൈബു,എന്‍.ശിവപ്രസാദ്,പ്രവീണ്‍ തളിയില്‍ തുടങ്ങിയവര്‍ ഒപ്പമംണ്ടായിരുന്നു.