കൂടരഞ്ഞി: ജനവാസ കേന്ദ്രമായ കൂടരഞ്ഞി പെരുമ്പൂള കൂറിയോട് വളർത്തുമൃഗങ്ങളായ ആടിനെയും നായെയും പുലി പിടികൂടിയതായി നാട്ടുകാർ. നായ് അപ്രത്യക്ഷമായ സ്ഥലത്ത് രക്തക്കറ കണ്ടെത്തി. ജോസഫ് പൈക്കാട്ടിന്റെ ആടിനെയാണ് കാണാതെയായത്.
തോമസ് എക്കാലയുടെ വളർത്തുനായാണ് അപ്രത്യക്ഷമായത്. സംഭവ സ്ഥലം പീടികപാറ സെക്ഷൻ ഓഫിസർ പി. സുബീറിന്റെ നേതൃത്വത്തിൽ ആർ.ആർ.ടി ടീം പരിശോധിച്ചു. പ്രദേശത്ത് വനം വകുപ്പ് കാമറയും സ്ഥാപിച്ചു. പുലി ഭീതിയിൽ പ്രദേശവാസികൾ ആശങ്കയിലാണെന്ന് ഗ്രാമപഞ്ചായത്ത് അംഗം ജോണി വാണി പ്ലാക്കൽ പറഞ്ഞു.
പുലർച്ച റബർ ടാപ്പിങ്ങിന് പോകുന്നവർ ഉൾപ്പെടെയുള്ള നാട്ടുകാർ ഭീതിയിലാണ്. അതേസമയം, പ്രദേശത്ത് പുലി സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് സ്ഥീരീകരിച്ചിട്ടില്ല. മാസങ്ങൾക്കുമുമ്പ് പ്രദേശത്തിന് ഏതാനും കി.മീറ്റർ അകലെ പൂവാറം തോടിൽ ജീപ്പിൽ സഞ്ചരിക്കവെയാത്രക്കാർ പുലിയെ കണ്ടിരുന്നു.
രാത്രികാല പരിശോധന വേണം -ആര്.ജെ.ഡി
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിലെ പെരുമ്പൂള കൂരിയോട് പ്രദേശത്ത് പുലിയുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ വനംവകുപ്പ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് സ്ഥലം സന്ദർശിച്ച ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണം.
വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആര്.ജെ.ഡി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി വില്സന് പുല്ലുവേലി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളില്‍, പി. അബ്ദുറഹിമാന്, ജോർജ് മംഗര, ബിജു മുണ്ടക്കല്‍, മുഹമ്മദ് കുട്ടി പുളിക്കല്‍, ജോർജ് പ്ലാക്കാട്ട്, ജോർജ് പാലമുറി, സത്യന് പനക്കച്ചാല്‍, സുബിന് പൂക്കുളം എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.