ശബരിമല:തിരമാലകൾ പോലെ ആർത്തലച്ച ഭക്തജന ലക്ഷങ്ങളുടെ പ്രാർഥനാനിർഭരമായ കൂപ്പുകൈകൾക്കുമേൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.45ന് മകരവിളക്ക് തെളിഞ്ഞതോടെ ദർശന സായൂജ്യത്തിന്റെ നിർവൃതിയിൽ സന്നിധാനം ശരണം വിളികളാൽ മുഖരിതമായി. പിന്നീട്, രണ്ട് വട്ടം കൂടി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞതോടെ വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി മല കയറിയെത്തിയ അയ്യപ്പ ഭക്തർക്ക് പ്രാർഥനാ സാക്ഷാത്കാരത്തിന്റെ നിമിഷം.
പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽനിന്നെത്തിയ തിരുവാഭരണ ഘോഷയാത്രാ സംഘത്തിന് വൈകീട്ട് ആറ് മണിയോടെ ശരംകുത്തിയിൽവെച്ച് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം ഭാരവാഹികൾ വൻ വരവേൽപ് നൽകി സന്നിധാനത്തേക്ക് ആനയിച്ചു.
കൊടിമര ചുവട്ടിൽവെച്ച് തിരുവാഭരണപ്പെട്ടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, അഡ്വ. കെ.യു. ജെനീഷ് കുമാർ എം.എൽ എ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, സെക്രട്ടറി എസ്. ഗായത്രി ദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു, ശബരിമല എഡിഎം പി വിഷ്ണു രാജ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ആചാരപൂർവം ആനയിച്ചു. ശ്രീകോവിലിൽ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് തിരുവാഭരണ ങ്ങൾ അയ്യപ്പന് ചാർത്തി. തുടർന്ന് മഹാദീപാരാധന കഴിഞ്ഞയുടനാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് മൂന്ന് പ്രാവശ്യം പ്രത്യക്ഷമായത്. ജനസമുദ്രമായിത്തീർന്ന ശബരിമല ശരണമന്ത്രങ്ങളാൽ മുഖരിതമായി.
മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും പരിസരത്തെ വ്യൂപോയിൻറുകളായ പാണ്ടിത്താവളം, നൂറ്റെട്ട് പടി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രക്കളം തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ഭക്തരാണ് ദിവസങ്ങളായി തമ്പടിച്ചിരുന്നത്.
മകരജ്യോതി ദർശന ശേഷം അയ്യപ്പഭക്തരുടെ മലയിറക്കത്തിനായി പാണ്ടിത്താവളത്തു നിന്നും സമീപ ഇടങ്ങളിൽ നിന്നുമായി രണ്ട് പാതകൾ പോലീസ് ക്രമീകരിച്ചിരുന്നു. ഈ സമയം ഇതുവഴിയുള്ള ട്രാക്ടർ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിച്ചില്ല. രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചത്.
മകരവിളക്ക് ദർശനത്തിനു ശേഷം മടങ്ങുന്ന അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി 1000 അധിക സർവീസുകൾ നടത്തി. നിലവിലെ സർവീസുകൾക്ക് പുറമേയാണ് ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഭക്തരുടെ യാത്രാക്ലേശമൊഴിവാക്കാനുള്ള നടപടി. ദീർഘദൂര സർവീസിന് 795 ബസും പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 205 ബസുമാണ് ഏർപ്പെടുത്തിയത്.
ശബരിമലയിൽ 45 ലക്ഷത്തോളം തീർഥാടകരെത്തി: മന്ത്രി കെ രാധാകൃഷ്ണൻ
ഈ വർഷത്തെ മണ്ഡല, മകരവിളക്ക് തീർഥാടനം ഭക്തരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായെന്ന് പട്ടികജാതി പട്ടിക വർഗ പിന്നോക്ക ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഏകദേശം 45 ലക്ഷത്തോളം തീർത്ഥാടകർ ശബരിമലയിൽ എത്തിയിട്ടുണ്ട്. ജനുവരി 20 വരെയുള്ള കണക്കെടുക്കുമ്പോൾ 50 ലക്ഷത്തിലധികം ആളുകൾ എത്തിച്ചേരാൻ സാധ്യതയുണ്ട്.
കൊവിഡിന് ശേഷം വിപുലമായി നടത്തപ്പെട്ട തീർഥാടന കാലത്ത് ലക്ഷക്കണക്കിന് തീർഥാടകരാണ് എത്തിയത്. സ്വഭാവികമായും ഇത്രയധികം ഭക്തർ എത്തുമ്പോൾ ആവശ്യമായ സൗകര്യമൊരുക്കുക വലിയ പ്രയാസമുള്ള കാര്യമായിരുന്നു. അത് കണ്ടു കൊണ്ടു തന്നെ മുൻകൂട്ടി മുന്നൊരുക്കങ്ങൾ നടത്താൻ വേണ്ടി മുഖ്യമന്ത്രി നേതൃത്വം കൊടുത്ത് പ്രവർത്തനങ്ങൾ നടത്തി. ഒപ്പം തന്നെ വിവിധ വകുപ്പുകളുടെ യോഗങ്ങൾ മന്ത്രിതലത്തിലും നടത്തി. ഓരോ വകുപ്പിലേയും മന്ത്രിമാർ പ്രത്യേകം യോഗങ്ങൾ ചേർന്ന് വകുപ്പുകൾ ശബരിമലയിൽ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് തീരുമാനം എടുത്തു. കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കാൻ വകുപ്പുകൾക്ക് കഴിഞ്ഞു. പത്തനംതിട്ട ജില്ലാ ഭരണകൂടവും കോട്ടയം, ഇടുക്കി ജില്ലാ ഭരണകൂടങ്ങളും തീർഥാടനം മെച്ചപ്പെട്ട രീതിയിലാക്കാൻ നല്ല ഇടപെടലുകൾ നടത്തി. കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലും തീർഥാടകരെ സ്വീകരിക്കാനുള്ള സംവിധാനമൊരുക്കിയത് ഈ വർഷത്തെ പ്രത്യേകതയാണ്. പ്രധാനമായും അഞ്ച് ദേവസ്വം ബോർഡുകൾ, അവയ്ക്ക് കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ അയൽസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്തർക്കടക്കം ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ സന്നദ്ധരായി. സന്നദ്ധ സേവന സംഘടനകളും കാര്യമായ സഹായങ്ങൾ ചെയ്തു.
സന്നിധാനത്തും പമ്പയിലും വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് വിവിധ വകുപ്പുകൾ ചെയ്തത്. അത് ക്രോഡീകരിക്കാനുള്ള വലിയ ശ്രമം പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തിൽ നടന്നു. എ ഡി ജി പിയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പോലീസ് സേനാംഗങ്ങളുടെ സഹകരണം ഉണ്ടായി. വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കുന്ന സ്ഥിതിയുണ്ടായി. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലാത്തതാണ് മുമ്പ് പലപ്പോഴും പല വീഴ്ച്ചകൾക്കും കാരണമായത്. അതു കൊണ്ടു തന്നെ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് അവരുടെ കൂടെ പങ്കാളിത്തതോടെയാണ് വിവിധ പ്രവർത്തനങ്ങൾ നടത്തിയത്. അതു കൊണ്ടു തന്നെയാണ് ലക്ഷക്കണക്കിന് തീർഥാടകർ എത്തിയ ശേഷവും അവർക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ കഴിഞ്ഞത്.
തെലങ്കാന, കർണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ഭക്തരെത്തിയെന്നത് ഇത്തവണത്തെ തീർഥാടനകാലത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ എത്തി. വിദേശത്തു നിന്നടക്കം ധാരാളം ഭക്തരാണെത്തിയത്. വരുന്ന ഭക്തർക്ക് അവരുടെ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിനായി സംവിധാനങ്ങൾ ക്രമീകരിക്കുന്നതിന് പരിമിതികൾ ഉണ്ട്. ശബരിമലയിൽ ഭൂമിയുടെ ലഭ്യത വളരെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. പരിമിതമായ ഭൂമിയുടെ ലഭ്യത ഉപയോഗപ്പെടുത്തി കൊണ്ടാണ് വാഹന പാർക്കിംഗിനടക്കം സൗകര്യം കണ്ടെത്തുന്നത്. ഇതിന് പുറമെ അധികമായി സ്ഥലം കണ്ടെത്തിയാണ് ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ കഴിയുന്നത്. ഇതിന്റെയെല്ലാം ഫലമായി എല്ലാ ആളുകളുടെയുംസഹായത്തോടു കൂടി ഈ വർഷത്തെ ശബരിമല തീർഥാടനം ഏറ്റവും ഭംഗിയായിട്ട് നടത്താൻ കഴിഞ്ഞു. വിവിധ എം എൽ എമാരുടെയും പ്രസിഡന്റ് അടക്കമുള്ള ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളിലെ ജീവനക്കാരുടെയും നല്ലരീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായി. സന്നിധാനത്ത് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിലുള്ള പ്രവർത്തനമുണ്ടായി. എല്ലാ അർഥത്തിലും ഇത്തവണത്തെ ശബരിമല തീർത്ഥാടന കാലം ഏറ്റവും ഭംഗിയായി നടത്തുന്നതിന് എല്ലാ തലത്തിൽ നിന്നുള്ള സഹായസഹകരണങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്തജന തിരക്ക് വർധിച്ച് വരുന്ന സ്ഥിതിയുണ്ട്. ഓരോ ഭക്തനും സ്വയം നിയന്ത്രിക്കാൻ വേണ്ടിയുള്ള ശ്രദ്ധ ഇതുവരെ ഉണ്ടായിട്ടുണ്ട്. ഇനിയങ്ങോട്ടും ആ ശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.