കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത കോർപറേഷനാകാനുള്ള ഒരുക്കവുമായി കോഴിക്കോട് കോർപറേഷൻ. 2025 ഒക്ടോബറോടെ കോഴിക്കോടിനെ അതിദാരിദ്ര്യമുക്ത നഗരമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ കോർപറേഷൻ കൗൺസിലിന്റെ പ്രത്യേക യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായി ഡിസംബർ 19ന് ജൂബിലി മിഷൻ ഹാളിൽ ശിൽപശാല നടത്താനും തീരുമാനമായി.
പാലിയേറ്റിവ് സേവന പ്രവർത്തനങ്ങൾ, വയോമിത്രം പദ്ധതി, വാതിൽപ്പടി സേവനം എന്നിവയെല്ലാം ഏകോപിപ്പിച്ച് എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനമാണ് ഇതിനായി വേണ്ടത്.
ഈ കൗൺസിൽ കാലയളവിൽ തന്നെ അതിദരിദ്രരുടെ പാർപ്പിട പ്രശ്നം പരിഹരിക്കാനുള്ള പദ്ധതിയുണ്ടാക്കുമെന്നും ഡെപ്യൂട്ടി മേയർ വ്യക്തമാക്കി. ആശവർക്കർമാരുടെയും ശുചീകരണ തൊഴിലാളികളുടെയും ഒഴിവു നികത്താനുള്ള നടപടി സ്വീകരിക്കുമെന്നും നഗരത്തിലെ ശൗചാലയങ്ങളുടെ പ്രശ്നം പരിഹരിക്കാനും സ്ഥിരമായി സെപ്റ്റിക് മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ സി.സി ടി.വി കാമറ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
നിലവിൽ നഗരത്തിൽ 776 പേരാണ് അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. ഇതിൽ 678പേർക്കും ഭക്ഷണം നൽകി. 55 പേർക്ക് ഭക്ഷണം പാകം ചെയ്താണ് നൽകുന്നത്. 18 പേർക്ക് പെൻഷൻ ലഭ്യമാക്കി. 21 പേർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകി. 214 പേർക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകിയെന്നും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.
അതുപോലെ പാലിയേറ്റിവ് യൂനിറ്റുകൾ വിപുലീകരിക്കാനും തീരുമാനമായി. കോർപറേഷന്റെ കീഴിൽ ഇപ്പോൾ മൂന്ന് പാലിയേറ്റിവ് കെയർ സെന്ററുകളാണുള്ളത്. അടുത്ത വർഷത്തോടെ ഇതിന്റെ എണ്ണം 15 ആക്കും. വാസയോഗ്യമായ വീടുകളില്ലാത്ത 254 പേരായിരുന്നു നഗരത്തിൽ ഉണ്ടായിരുന്നത്.ഇതിൽ 140 പേർക്ക് വീട് നന്നാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്തു. 188 പേർക്ക് ലൈഫിൽ വീടു കൊടുക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചു.
31 പേരായിരുന്നു വരുമാനമില്ലാത്തവരായി ഉണ്ടായിരുന്നത്. ഇതിൽ 16 പേർക്ക് ഉപജീവനം ഉണ്ടാക്കി നൽകിയിട്ടുണ്ടെന്നും റേഷൻ കാർഡ് ഇല്ലാതിരുന്ന 52 പേരിൽ 32 പേർക്കും റേഷൻകാർഡ് ലഭ്യമാക്കിയതായും പി.ദിവാകരൻ അറിയിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എസ്. ജയശ്രീ, പി.സി. രാജൻ, കൗൺസിലർമാരായ ഒ. സദാശിവൻ, കെ.സി. ശോഭിത, കെ. മൊയ്തീൻകോയ, നവ്യ ഹരിദാസ്, വി.കെ. മോഹൻദാസ്, വി.പി. മനോജ്, കെ.ടി. സുഷാജ്, സി.എസ്. സത്യഭാമ, കെ. നിർമല, മനോഹരൻ മാങ്ങാറിയിൽ, എം. ബിജുലാൽ, കെ. റംലത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.