തിരുവനന്തപുരം: കേരളത്തില്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം യാത്ര പോകുന്നതിന് പറ്റിയ സ്ഥലം ഏതെന്ന് അന്വേഷിച്ച് ഇനി വിഷമിക്കേണ്ട. കാരണം യാത്ര ചെയ്യാനായി ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്.
കേരള ടൂറിസം വകുപ്പിന്റെ നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ പതിപ്പ് പുറത്തിറക്കി നടന്‍ മോഹന്‍ലാല്‍. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ടൂറിസത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താനും സാധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ടൈപ്പിംഗിന്റെ ബുദ്ധിമുട്ട് ഒഴിവാക്കി ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികര്‍ക്ക് ടൂറിസം സ്ഥലം തിരയാന്‍ സാധിക്കും. ഒപ്പം ശബ്ദ ഉത്തരങ്ങളായി തന്നെ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും.