കോഴിക്കോട്: പലസ്തീനെ ചരിത്രത്തില്‍ നിന്നും തുടച്ചുനീക്കാനാണ് ഇസ്രായേലിന്റേയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേയും ശ്രമമെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ ഡോ. അബ്ദുള്ള എം അബു ഷാവേസ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന വംശഹത്യക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ കോഴിക്കോട്ട് മുതലക്കുളത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തികൾക്കപ്പുറത്ത് മനുഷ്യത്വത്തിന്റെ ശബ്ദം കേരളത്തിൽ നിന്ന് ഉയരുന്നതിൽ സന്തോഷമുണ്ട്. കേരളത്തിന് ഒരു ചരിത്രമുണ്ട്. അത് അടിച്ചമർത്തപ്പെട്ടവർക്ക് ഒപ്പം നിൽക്കുന്ന ചരിത്രമാണ്. പലസ്തീനികൾക്കൊപ്പം നിൽക്കുന്ന ചരിത്രമാണ്. ഞങ്ങൾക്ക് ചരിത്രമാണ് എല്ലാം. പക്ഷേ അൽഷിമേഴ്സ് ബാധിച്ചവതർക്ക് ഒന്നും ഓർമയുണ്ടാവില്ല.
പലസ്തീൻ ജനത പോരാട്ടം തുടരുകയാണ്. ആയിരക്കണക്കിന് മനുഷ്യരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐക്യദാർഢ്യം ഉണ്ടാവുന്നതിൽ ആശ്വാസമുണ്ട്.മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും പലസ്തീന്റെ വാക്കുകൾക്ക് ഇടം നൽകുന്നില്ല. അവർ ഇസ്രയേലിനോടും അമേരിക്കയോടും വിധേയത്വം പുലർത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മലയാളികൾ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളെ പിന്തുണയ്ക്കണം. ഇന്ത്യയോട് വലിയ ആദരവുണ്ട്. പലസ്തീൻ പോരാട്ടത്തെ ആദ്യം പിന്തുണച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയിൽ നിന്ന് കൂടുതൽ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി സന്തോഷ് കുമാർ എംപി, ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, പ്രൊഫ. എം പി അബ്ദുൾ വഹാബ്, സാബു ജോർജ്, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, മുന്‍ എംപി എളമരം കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.