കോഴിക്കോട്:സംഗീത സംവിധായകനും, ഗായകനും, കവിയുമായിരുന്ന മലയാള സിനിമ ലോകത്തിന്റെ തീരാ നഷ്ടം കൈതപ്രം വിശ്വനാഥൻ അവസാനമായി പശ്ചാത്തല സംഗീതം ഒരുക്കിയ ഹ്രസ്വ ചിത്രം *ഗോപി* പ്രദർശിപ്പിച്ചു. കോഴിക്കോട് ക്രൗൺ തിയറ്ററിൽ നടന്ന പ്രത്യേക പ്രദർശനത്തിലാണ് ഗോപി പ്രേക്ഷകരുടെ മുന്നിലെത്തിയത്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മോൻട്ടെനാണ്.
ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഒരു നടന്റെ യഥാർത്ഥ ജീവിത സന്ദർഭത്തിലെ നവരസങ്ങളിലൂടെ സഞ്ചരിക്കുന്നു. കലാമണ്ഡലം മനോജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സംവിധായകൻ മോൻട്ടെൻ മറ്റൊരു പ്രധാന കഥാപാത്രമായി രംഗത്ത് വരുന്നുണ്ട്.
ചലിക്കും പടം ക്രിയേഷൻസിന്റെ ബാനറിൽ സുധീഷ് തിരുമണ്ണൂർ ആണ് ചിത്രം പ്രദർശനത്തിന് സജ്ജമാക്കിയത്. സരസ്വതി അച്യുതൻകുട്ടി മേനോൻ, ജയപ്രസാദ് തിരുവണ്ണൂർ എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രം രതീഷ് എക്സ്പോഷറും സനൽ കൃഷ്ണയും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാധ്യമ പ്രവർത്തകർക്കുമായി ഒരുക്കിയ പ്രത്യേക പ്രദർശനത്തിൽ ജയശങ്കർ പൊതുവത്ത്, എ. രത്നാകരൻ എന്നിവർക്കൊപ്പം അണിയറ പ്രവർത്തകരും പങ്കെടുത്തു.
ചിത്രത്തിന്റെ സോഷ്യൽ മീഡിയ റിലീസ് ഈ മാസം തന്നെ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഗോപിയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് കൈതപ്രം വിശ്വനാഥൻ മരണപ്പെടുന്നത്. 2001ൽ കണ്ണകി എന്ന സിനിമയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് കൈതപ്രം വിശ്വനാഥൻ അർഹനായിരുന്നു.
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ഓഡിയോഗ്രാഫറായ ആനന്ദ് രാമചന്ദ്രൻ (chennai) ശബ്ദ സന്നിവേശവും,മിശ്രണവും നിർവഹിച്ചിട്ടുള്ളത്. സാഹിഷ് ടി എസ് ആണ് ചിത്രസംയോജകൻ.