Thursday, December 26, 2024
GeneralLatest

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ഇനി ജിപിഎസ് വഴി


തിരുവനന്തപുരം: കെ റെയില്‍ കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട വൻ പ്രതിഷേധങ്ങൾക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങൾക്കും പിന്നാലെയാണ് പുതിയ തീരുമാനം.

മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവര്‍ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം  ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സര്‍വെ നടത്തും. ജിയോ ടാഗിംഗ്  വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും. കേരള റെയിൽവെ ഡെവലപ്മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ മതിലുകൾ എന്നിവടങ്ങളിൽ അടയാളം ഇടാമെന്നും നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.

190 കിലോമീറ്ററിലാണ് സിൽവര്‍ ലൈൻ സര്‍വെ പൂര്‍ത്തിയായത്. ഇനി 340 കിലോമീറ്റര്‍ ബാക്കിയുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികൾ സര്‍വെക്ക് സഹായം നൽകും.


Reporter
the authorReporter

Leave a Reply