
ബേപ്പൂര്‍ :മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍ ഫെസ്റ്റിന്റെ ആദ്യ ദിവസം കാണികളുടെ മനം കവര്‍ന്നു. ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ നിര്‍വഹിച്ചു. ഇന്തോനേഷ്യ, വിയറ്റ്നാം, ഒമാന്‍, തുര്‍ക്കി, മൗറിഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്നും പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് പട്ടം പറത്തല്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഇത്തവണ എത്തിയത്.

കുതിര, പുലി തുടങ്ങി മൃഗങ്ങളുടെ ഭീമന് രൂപങ്ങളിലുള്ള പട്ടങ്ങള്‍, വിവിധ രാജ്യങ്ങളുടെ പതാക, വാട്ടര്‍ ഫെസ്റ്റ് ലോഗോ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പട്ടങ്ങളാണ് പറത്തിയത്. കൈറ്റ് സ്റ്റണ്ട്, സ്പോര്‍ട്സ് കൈറ്റ്, ത്രീഡി കൈറ്റ്, കൈറ്റ് ഷോ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളും വെള്ളിയാഴ്ച ആരംഭിച്ചു. ഫെസ്റ്റില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് മണി വരെ കൈറ്റ് ഷോ സംഘടിപ്പിക്കും. കൈറ്റ് ഫെസ്റ്റ് വിജയികളെ ഫെസ്റ്റിന്റെ അവസാന ദിവസം പ്രഖ്യാപിക്കും.
ചടങ്ങില്‍ കൈറ്റ് ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ വാസുദേവന്‍, ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍, കൈറ്റ് ഫ്ളൈര്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ഷുക്കൂര്‍, വണ്‍ ഇന്ത്യന്‍ കൈറ്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വരൂ ബേപ്പൂരേക്ക്; ഐഎന്‍എസ് കല്‍പ്പേനി കാണാം

അഞ്ചാം ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂര്‍ തുറമുഖത്തെത്തിയ നേവിയുടെ കപ്പലായ ഐഎന്‍എസ് കല്‍പ്പേനിക്ക് വന്‍ വരവേല്‍പ്പ്. ഫെസ്റ്റിന്റെ ആദ്യ ദിവസം ഉച്ചക്ക് ശേഷം തുടങ്ങിയ കപ്പല്‍ പ്രദര്‍ശനം കാണാന്‍ നൂറ് കണക്കിന് ആളുകളാണ് തുറമുഖത്ത് എത്തിയത്.
ക്രിസ്മസ് അവധിക്കാലമായതിനാല്‍ കുട്ടികളോടൊപ്പം കുടുംബസമേതമാണ് കൂടുതല്‍ പേരും എത്തിയത്. കപ്പലിന്റെ മുന്‍ വശത്തെ ഡെക്ക്, പിന്‍വശമായ ക്വാര്‍ട്ടര്‍ ഡെക്ക്, കപ്പലിനകത്തെ സുരക്ഷ സംവിധാനങ്ങള്‍, ആയുധങ്ങള്‍ എന്നിവ കാണാന്‍ അവസരവുമുണ്ട്. ലക്ഷദ്വീപിലെ കല്‍പ്പേനി ദ്വീപിന്റെ പേരിലുള്ള ഐഎന്‍എസ് കല്‍പ്പേനി 2010 ന് ശേഷം കമ്മീഷന് ചെയ്ത യുദ്ധ കപ്പലാണ്. തീരസംരക്ഷണം, കടല്‍ നിരീക്ഷണം, വേഗത്തിലുള്ള ആക്രമണ ദൗത്യങ്ങള്‍ എന്നിവയായിരുന്നു കല്‍പ്പേനിയുടെ പ്രധാന ചുമതലകള്‍. ഇന്ത്യന്‍ നേവിയുടെ ഉത്പന്നങ്ങളായ കോട്ട്, തൊപ്പി, കീചെയിന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രദര്‍ശനവും വില്പനയും ഇതിനൊപ്പമുണ്ട്.

ഒപ്പം തന്നെ തുറമുഖത്ത് കോസ്റ്റ് ഗാര്‍ഡിന്റെയും പോലീസ് അര്‍മര്‍ വിങ്ങിന്റെയും സോഷ്യല്‍ പോലീസിങ്ങിന്റെയും സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഈ സ്റ്റാളുകളിലും ആദ്യ ദിവസം തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സുരക്ഷ ഉപകരണങ്ങളും നാവിഗേഷന്‍ ഉപകരണങ്ങളുമാണ് ഇവിടെ പ്രധാനമായി പ്രദര്‍ശനത്തിനുള്ളത്. നാളെ പകല്‍ 10 മുതല്‍ അഞ്ചു വരെ കപ്പല്‍ കാണാനെത്താം. പ്രവേശനം സൗജന്യമാണ്.










