കോഴിക്കോട്: നഗരത്തിൽ കോർപറേഷന്റെ ചീറ്റ സംഘത്തിന്റെ പ്രവർത്തനം ഒരാഴ്ച പൂർത്തിയായതോടെ പദ്ധതി വിജയമായതായി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ചീറ്റ പ്രവർത്തനം മാർച്ച് 31 വരെ തുടർന്ന് പോവാനാണ് ശ്രമമെന്ന് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ പറഞ്ഞു. ഒരാഴ്ചക്കകം 300 ഓളം സ്ഥാപനങ്ങളിൽ പരിശോധന പൂർത്തിയാക്കി.
50 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ജനുവരി ഒന്നുമുതൽ ഏഴുവരെ വലിച്ചെറിയൽ മുക്ത കാമ്പയിന്റെ ഭാഗമായാണ് ചീറ്റക്ക് (കോർപറേഷൻ ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് എൻഫോഴ്സ്മെന്റ് ടീം ഇൻ ആക്ഷൻ) തുടക്കമിട്ടത്. മാലിന്യം വലിച്ചെറിയുക, റോഡിൽ തടസ്സമുണ്ടാക്കുക എന്നിവ തടയുകയാണ് ലക്ഷ്യം. വലിച്ചെറിയൽ തടയൽ വാരം കഴിഞ്ഞശേഷവും പ്രവർത്തനം മുന്നോട്ട് പോവാനാണ് തീരുമാനം. ആദ്യതവണ ബോധവത്കരണവും ചെറിയ പിഴയും, കുറ്റം തുടർന്നാൽ നടപടി ശക്തമാക്കുന്നതാണ് പ്രവർത്തനരീതി. പിഴയടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടിയുമുണ്ടാവും.
നിയമലംഘനങ്ങൾ കണ്ടാൽ തത്സമയം പിഴയീടാക്കുമെന്നതാണ് സംഘത്തിന്റെ പ്രത്യേകത. ഇപ്പോൾ നോട്ടീസ് കൊടുത്താണ് പിഴയീടാക്കുന്നത്. 5000 രൂപവരെ തത്സമയം പിഴയീടാക്കും. ഉടൻതന്നെ പിഴയീടാക്കാനായി യന്ത്രം ഏർപ്പെടുത്തും. നിയമലംഘനങ്ങൾക്ക് തത്സമയം പിഴയീടാക്കുന്നത് കുറ്റകൃത്യങ്ങൾക്ക് തടയിടാനാവുമെന്നാണ് പ്രതീക്ഷ. രാവിലെയാണ് ഓരോ സ്ഥലങ്ങളിലേക്കും ചീറ്റ സംഘം പരിശോധനക്ക് എവിടെ പോവണമെന്നത് നിശ്ചയിക്കുന്നത്. റോഡരികിലും കവലകളിലുമാണ് മുഖ്യപ്രവർത്തനമെങ്കിലും വീട്ടിൽ പ്ലാസ്റ്റിക് കത്തിച്ചതിന് പരാതി ലഭിച്ചതിനെതുടർന്ന് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു.
കോർപറേഷൻ അഴക് പദ്ധതിയുടെ ഭാഗമായാണ് ചീറ്റക്ക് തുടക്കമിട്ടത്. മിഠായി കടലാസ് പോലും വലിച്ചെറിയാത്ത നഗരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് ഇൻസ്പെകട്ർ, സാനിറ്റേഷൻ വർക്കർ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം.