കോഴിക്കോട്: പുതുമഴയിൽ കുതിർന്നിടും മണ്ണിന്റെ മണവും/ നാണിച്ചു നിൽക്കും നാടൻ പെണ്ണിൻ മുഖവും/ മറയാതെ നിൽക്കുമെൻ മലനാടിൻ ഓർമകൾ
മലയാളം കൊഞ്ചിവരും തുഞ്ചന്റെ കിളിയും… കേരളപ്പിറവിൽ മലയാളത്തിന്റെ ഭംഗിയും സംസ്ക്കാരവുമെല്ലാം നിറഞ്ഞൊഴുകുകയാണ് ‘മലയാളം’ എന്ന എ ഐ ആൽബം. ഐതിഹ്യങ്ങളിൽ തുടങ്ങി ആധുനിക കേരളം വരെ നിറയുന്ന പാട്ടിൽ കേരളത്തിന്റെ നാട്ടഴക് തുളുമ്പുന്ന എ ഐ കാഴ്ചകൾക്ക് പിന്നിൽ ദുബൈയിൽ ജോലി ചെയ്യുന്ന ബാലുശ്ശേരി നിർമ്മല്ലൂർ സ്വദേശിയായ സതീഷ് ഗോപാലാണ്. തെയ്യവും തിറയും കഥകളിലും ഒപ്പനയും വർണപ്പകിട്ടുമെല്ലാം നിറയുന്ന പാട്ടിന്റെ ദൃശ്യങ്ങളും കഥാപാത്രങ്ങളുമെല്ലാം പൂർണമായും എഐയിലാണ് ഒരുക്കിയിട്ടുള്ളത്.

കേരളത്തെക്കുറിച്ചുള്ള പാട്ട് ചിത്രീകരിക്കാനുള്ള പ്രയാസം കൊണ്ടാണ് എഐ സഹായം തേടിയതെന്ന് സതീഷ് പറയുന്നു. പല സ്ഥലങ്ങളിൽ പോയി ചിത്രീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് എ ഐ സഹായത്തോടെ മനോഹരമായ കേരളത്തെ രൂപപ്പെടുത്തുകയായിരുന്നു. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ രൂപപ്പെടുത്താനുള്ള അവസരമാണ് എ ഐ നൽകുന്നത്. സങ്കൽപ്പങ്ങളാണ് പ്രധാനമെന്നും ചിന്തകളിൽ രൂപപ്പെടുന്നതാണ് കാഴ്ചകളായി മുന്നിൽ നിറയാൻ എ ഐ സഹായിക്കുന്നതെന്നും സതീഷ് വ്യക്തമാക്കുന്നു.
ചെന്നൈ എസ് എ ഇ കോളെജിൽ ഡിജിറ്റിൽ ഫിലിം മെയ്ക്കിംഗ് പഠിക്കുമ്പോൾ സതീഷിന്റെ സഹപാഠിയായിരുന്ന അനൂപ് നിരിചനും ഉണ്ണിക്കൃഷ്ണനും സംഗീതം പകർന്ന് റെക്കോർഡ് ചെയ്ത ഗാനമായിരുന്നു ഇത്. അന്ന് ഗാനം ചിത്രീകരിക്കാൻ സാധിച്ചിരുന്നില്ല. സുഹൃത്തുക്കൾ ആവശ്യപ്പെട്ടതുപ്രകാരം എ ഐ കാലത്ത് ദുബൈയിലിരുന്ന് പാട്ടിന് ദൃശ്യഭംഗി ഒരുക്കുകയായിരുന്നു സതീഷ്. സാങ്കേതിക വിദ്യയും സംഗീത സൗന്ദര്യവും സംയോജിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് തൈക്കുടം ബ്രിഡ്ജിലൂടെ പ്രശസ്തനായ വിപിൻലാൽ സി കെ ആണ്. ശ്രീകാന്ത് വാഴപ്പള്ളി എഴുതിയ ഗാനത്തിന്റെ റാപ്പ് സെഗ്മെന്റിൽ സാം ഫ്രാൻസിസ്കോ ആണ് ശബ്ദം നൽകിയിരിക്കുന്നത്. മിക്സിംഗും മാസ്റ്ററിംഗും നിർവഹിച്ചത് പ്രമുഖ സൗണ്ട് എഞ്ചിനീയർ രാജൻ കെ എസും പ്രൊജക്ട് മാനേജർ ഹേമന്ത് കുളമുള്ളതിലുമാണ്. ഗാനം കേരളപ്പിറവി ദിനത്തിൽ ഔദ്യോഗികമായി റിലീസ് ചെയ്യും.
ആത്മീയ, വല്ലമേ താരായോ, ആയുധം സെയ് വം, ജയകുമാറിൻ തിരക്കഥൈ തുടങ്ങിയ തമിഴ് സിനിമകളുടെ അസിസ്റ്റന്റ് ഡയരക്ടറും വിഷ്വൽ എഫക്ട് ഡയരക്ടറുമായി പ്രവർത്തിച്ച സതീഷ് തീ കുളിക്കും പച്ചൈ മരം, ജോറാ കൈയ്യെ തട്ട് തുടങ്ങി ചിത്രങ്ങളുടെ അസോസിയേറ്റ് ഡയരക്ടറായിരുന്നു. ഏഴോളം ഡോക്യുമെന്ററികളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. നിലവിൽ ദൂബൈയിലാണ് ജോലി ചെയ്യുന്നത്.










