കോഴിക്കോട് : കൊയിലാണ്ടിയിൽ ഭിന്നശേഷിക്കാരിയായ പതിനാലുകാരിയെ എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയിലുള്ള കൊളക്കണ്ടി – പാറക്കണ്ടി റോഡ് നന്നാക്കാൻ നടപടിയെടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തും.
ജനുവരി 30 ന് രാവിലെ 11 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് സെക്രടറിക്ക് നോട്ടീസയച്ചു. 15 ദിവസത്തിനകം പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം.
പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള കൊളക്കണ്ടി – പാറക്കണ്ടി റോഡാണ് ഗതാഗത യോഗ്യമല്ലാതായി മാറിയത്. പ്രദേശവാസികൾ വർഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്. കരിങ്കൽ പാകിയ വഴിയിലൂടെ കുട്ടിയെ എടുത്തുകൊണ്ടാണ് പോകുന്നത്. റോഡ് നന്നാക്കുന്ന കാര്യത്തിൽ പഞ്ചായത്തിന്റെ ഭാഗത്ത് ഗുരുതര അലഭാവമുണ്ടെന്ന് നാട്ടുകാർ പറയുന്നു. 5 കുടുംബങ്ങളാണ് റോഡിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഒരു പദ്ധതിയിലും റോഡ് നിർമ്മാണം ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രദേശവാസിക്ക് വിവരാവകാശം ലഭിച്ചിരുന്നു.|