കോഴിക്കോട് : ആശുപത്രിയിലെ ഐ. സി. യു.വിലും വെന്റിലേറ്ററിലും മറ്റും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കാത്ത് പുറത്തിരിക്കുന്ന ബന്ധുക്കളോട് ആശുപത്രി അധിക്യതർ സ്വീകരിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ബൈസ്റ്റാന്റേഴ്സ് എന്ന് വിളിക്കുന്ന കൂട്ടിരിപ്പുകാർക്ക് മാന്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. കഥാകൃത്ത് ശിഹാബുദീൻ പൊയ്ത്തുംകടവ് സമൂഹമാധ്യമത്തിൽ എഴുതിയ ഒരു കുറിപ്പിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടാണ് കമ്മീഷന്റെ ഇടപെടൽ.
ആരോഗ്യവകുപ്പു ഡയറക്ടർ ഇക്കാര്യത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അവ നടപ്പിലാക്കാൻ പ്രായോഗിക മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ബൈസ്റ്റാന്റർമാർക്ക് പിന്തുണയും കരുണയും നൽകാൻ തയ്യാറാകണം. ഇതിന് അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ വേണമെങ്കിലും അവ സമയബന്ധിതമായി നടപ്പിലാക്കണം. എഴുത്തുകാരൻ നിർദ്ദേശിക്കുന്ന
ലഘുവായ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ആരോഗ്യവകുപ്പു ഡയറക്ടർ സ്വീകരിക്കുന്ന നടപടികൾ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. ജനുവരി 30 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത വിധത്തിലാണ് ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് പെരുമാറുന്നതെന്നും കെ. ബൈജൂനാഥ് പറഞ്ഞു.
ഐ.സി യുവിന് മുന്നിലും വെന്റിലേറ്ററിന് മുന്നിലും കാവലിരിക്കുന്നവർക്ക് രാത്രികളിൽ ഉണർന്നിരുന്ന് നേരം വെളുപ്പിക്കാനാണ് വിധിയെന്ന് കഥാകൃത്ത് തന്റെ കുറിപ്പിൽ പറയുന്നു. രോഗികൾക്കൊപ്പം പ്രധാനമാണ് പുറത്തിരിക്കുന്ന കൂട്ടിരിപ്പുകാരുടെ ആരോഗ്യം എന്ന കാര്യം ആശുപത്രി അധികൃതർ മറന്നുപോകുന്നതായും കഥാകൃത്ത് പറയുന്നു.