കോഴിക്കോട്:സ്വർണ ഉരുപ്പടികളിൽ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സംഘർഷം.മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ മുൻ എക്സിക്യൂട്ടീവ് ഓഫീസർ തിരിച്ചു നൽകാത്തതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്.മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കോഴിക്കോട്ടെ ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലാണ് ഭക്തർ സമർപ്പിച്ച സ്വർണ ഉരുപ്പടികളിൽ തിരിമറി നടന്നത്.2016 മുതൽ 2023 വരെ ഇവിടെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥൻ സ്വർണ ഉരുപ്പടികൾ സംബന്ധിച്ച കൃത്യമായ കണക്കോ ലോക്കറിൻ്റെ താക്കോലോ കൈമാറിയില്ല എന്നതാണ് പരാതി.
നിലവിലെ എക്സിക്യൂട്ടീവ് ഓഫീസറാണ് ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.അവരുടെ സാന്നിധ്യത്തിൽ ലോക്കർ തുറന്ന് പരിശോധിച്ചപ്പോൾ സ്വർണ ഉരുപ്പടികളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തുകയായിരുന്നു.സ്വർണം തിരിച്ചേൽപ്പിക്കുമെന്ന് മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഉറപ്പു നൽകിയെങ്കിലും സമയപരിധി കഴിഞ്ഞിട്ടും തിരിച്ചേൽപ്പിക്കാതിരുന്നതോടെയാണ് ഭക്തജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നത്.സ്വർണ ഉരുപ്പടികൾ തിരിമറി നടത്തിയ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ഭക്തജനങ്ങളും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറെ ഉപരോധിച്ചു.
അമ്പലത്തിൽ സ്വർണ്ണം കാണുന്നില്ലെന്ന് പരാതി
മുക്കം നീലേശ്വരത്തെ ശ്രീ നീലേശ്വരം ശിവ ക്ഷേത്രത്തിൽ ഭഗവാന് കാണിക്ക വെച്ച സ്വർണ്ണത്തിൻ്റെ തൂക്കത്തിൽ വൻ വ്യത്യസമെന്ന് പരാതി. 2023 ൽ പഴയ ചെയർമാൻ കണക്ക് കൊടുക്കുമ്പോൾ നിലവിൽ സ്റ്റോക്ക് ഉള്ളത് 32 ചന്ദ്രകല സ്വർണ്ണത്തിന്റെ താലി 12 എണ്ണം സ്വർണ്ണ പൊട്ട് 3 എണ്ണം സ്വർണ്ണ മണി 1 എന്നിങ്ങിനെയായിരുന്നു.പുതിയ ലിസ്റ്റിൽ മാറ്റം ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മുക്കുപണ്ടമാണോയെന്ന് സംശയിക്കുന്നതായും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.