Latestpolice &crime

പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും വീഡിയോ കോൾ ക്ഷണവും: തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്


തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി വ്യാപകമാവുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതരിൽ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചുകൊണ്ടും ആളുകളെ കെണിയിൽ വീഴ്ത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ആളുകളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തി അതിൽ അശ്ലീല ദൃശ്യങ്ങൾ കൂടി കൂട്ടിച്ചേർക്കുകയും ഇത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരം തട്ടിപ്പിൽ പെട്ടുപോയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഓൺലൈൻ മുഖാന്തരമോ പരാതി നൽകണം.

തട്ടിപ്പുകാർക്ക് ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുത്. നൽകിയാൽ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടണമെന്നും പോലീസ് നിർദ്ദേശം നൽകി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്‌നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോർഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും സന്ദേശം. കാൾ അറ്റൻഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്ളീലത കലർത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നൽകും.

ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം ?

ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുത്. നൽകിയാൽ വീണ്ടും വീണ്ടും

ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഓൺലൈൻ മുഖാന്തരമോ പരാതി നൽകുക.

NB : ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക.


Reporter
the authorReporter

Leave a Reply