മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാലു(5), ഗോലു(6), നിഹാരിക(8), സരിക (12) എന്നിവരാണ് മരിച്ചത്. യുപിയിലെ മീററ്റില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
കുട്ടികള്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു. മാതാപിതാക്കള്‍ അടുക്കളയിലുമായിരുന്നു ആസമയം. അകത്തെ മുറിയില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും മുറിയില്‍ തീയും പുകയും നിറഞ്ഞിരുന്നു. കിടക്കയിലേക്ക് അതിവേഗം തീ പടര്‍ന്നതാവാം കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലിസ് അറിയിച്ചു. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായി കട്ടിലിലാണ് വച്ചിരുന്നത്.
കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചാര്‍ജര്‍ പൊട്ടിത്തെറിച്ച് കിടക്കയിലേക്ക് തീ പിടിക്കുകയും തുടര്‍ന്ന് അതിവേഗം തീ പടരുകയുമായിരുന്നു.