കോഴിക്കോട്: എ.സി.വി ന്യൂസിൻ്റെ ആദ്യകാല പ്രൊഡ്യൂസറും മുതിർന്ന മാധ്യമപ്രവർത്തകനുമായ ശ്രീമനോജ് ഓർമ്മയായിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. കോഴിക്കോട്ടെ മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാൾ എന്നതിലുപരി കോഴിക്കോടിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ ഒരു സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു ശ്രീമനോജ്. ഇന്ത്യൻ യൂത്ത് അസോസിയേഷൻ (ഐ.വൈ.എ) ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീ മനോജിൻ്റെ സ്മരണ നിലനിർത്താനായി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ചേർന്ന് രൂപം കൊടുത്ത ശ്രീമനോജ് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇത്തവണയും അനുസ്മരണ പരിപാടി സംഘടിപ്പിക്കും.ഡിസംബർ 6 ന് വൈകീട്ട് 5.30 ന് കെ.പി.കേശവമേനോൻ ഹാളിലാണ് അനുസ്മരണ പരിപാടി നടക്കുക. ഇതോടനുബന്ധിച്ച് ശ്രീമനോജ് മാധ്യമ പുരസ്കാരവും സമ്മാനിക്കും. പ്രശസ്ത സിനിമാ താരം വിനോദ് കോവൂരാണ് ഇത്തവണ പുരസ്കാരത്തിന് അർഹനായത്. എ. സി വി കോഴിക്കോട് ബ്യൂറോയിലെ റിപ്പോർട്ടറായി തുടങ്ങി പിന്നീട് പ്രോഗ്രാം അവതാരകനായി ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന സിനിമാ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് വിനോദ് കോവൂർ. സിനിമാ താരം എന്നതിനപ്പുറം സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു വ്യക്തികൂടിയാണ് വിനോദ് കോവൂർ. സർക്കാർ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികൾ എയിഡ് ബോധവത്ക്കരണ പരിപാടി, ഭിന്നശേഷിക്കാരുടെ പുനരധിവാസ പരിപാടികൾ തുടങ്ങിയവയെക്കെല്ലാം നിശ്ചലമായ പിന്തുണ നൽകുന്ന വ്യക്തി കൂടിയാണ് വിനോദ് കോവൂർ, അത്തരം പ്രവർത്തനങ്ങളാണ് വിനോദിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ശിൽപ്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്കാരം ഡിസംബർ 6 ന് വൈകീട്ട് 5.30 ന് കെ.പി.കേശവമേനോൻ ഹാളിൽ നടക്കുന്ന ശ്രീ മനോജ് അനുസ്മരണ ചടങ്ങിൽ മാത്യഭൂമി മാനേജിങ്ങ് ഡയറക്ടർ എംവി ശ്രേയാസ് കുമാർ പുരസ്കാരം സമ്മാനിക്കും.
എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ പി. അനിൽ ചെയർമാനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്
ജൂറി ചെയർമാൻ പി അനിൽ, ജനറൽ കൺവീനർ കെ.ജി.സുരേഷ്, കൺവീനർ കെ.പി.രമേഷ് ,ജോ കൺവീനർ അനൂപ് കോവിൽ വീട്ടിൽ, കോർഡിനേറ്റർ മുഹമ്മദ് നാസർ വി പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.










