വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിനു സമീപം കത്തിക്കുത്തില്‍ യുവാവിന് പരുക്കേറ്റ സംഭവത്തില്‍ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു പൊലിസ്. ആനിക്കാട് പൂപ്പള്ളിക്കുടിയില്‍ സില്‍ജോ മൈക്കിളും (52), മകന്‍ ഡിക്‌സന്‍ സില്‍ജോ(24) യുമാണ് പിടിയിലായത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിനു സമീപം ഡിക്‌സനും സുഹൃത്തുക്കളടക്കമുള്ള നാലംഗ സംഘവുമായി വാക്തര്‍ക്കം നടന്നത്.
ഇത് വഴക്കില്‍ കലാശിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ വീട്ടില്‍ പോയി പിതാവ് സില്‍ജോയുമായി തിരിച്ചെത്തുകയും തുടര്‍ന്ന് സില്‍ജോ കത്തിയെടുത്ത് മകന് നല്‍കിയതോടെ ഇയാള്‍ സുഹൃത്ത് അടക്കമുള്ള നാലംഗ സംഘത്തെ ആക്രമിക്കുകയുമായിരുന്നു. ഇടുപ്പിനു താഴെ കുത്തേറ്റ വാഴക്കുളം സ്വദേശി ടോണിയെ (30) നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ അച്ഛനെയും മകനെയും തടഞ്ഞുവച്ച് കൈകാര്യം ചെയ്ത ശേഷം പൊലിസിന് കൈമാറി. കത്തി നല്‍കി കുത്താന്‍ പറഞ്ഞത് ഡിക്‌സന്റെ പിതാവ് സില്‍ജോയാണെന്ന് കണ്ടു നിന്നവരും പറഞ്ഞു. പിടിയിലായ ഡിക്‌സന്‍ സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ പേരില്‍ വാഴക്കുളം മുവാറ്റുപഴ പോത്താനിക്കാട് സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്നാണ് അറിയുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇരുവരുടെയും പേരില്‍ ചുമത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.