കോഴിക്കോട് : 2022 നവംബർ 11ന് കാണാതായ ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വര്‍ഷ (30) യെയാണ് ഫറോക്ക് പോലീസും, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ.കെ.പവിത്രൻ IPS ന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വോഡും ചേർന്ന് കണ്ടെത്തി.
കാണാതായ ദിവസം രാവിലെ 8 മണിക്ക് മരിക്കാന്‍ പോകുകയാണെന്ന് എഴുതി വെച്ച് യുവതി വാടകക്ക് താമസിക്കുന്ന ഫറോക്ക് 8/3 ലുള്ള വാഴക്കപ്പൊറ്റ വീട്ടില്‍ നിന്നും KL.85.7154 സ്കൂട്ടറില്‍ പോകുകയായിരുന്നു. പിന്നിട് ഇവരുടെ ചേച്ചിയുടെ പരാതിയിൽ ഫറോക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വഷണത്തിനിടയിൽ യുവതി ഓടിച്ചുപോയ സ്കൂട്ടർ അറപ്പുഴ പാലത്തിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഫോണും സിമ്മും ഉപേക്ഷിച്ച് പോയ യുവതിയെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് ഒരുപാട് അന്വേഷണം നടത്തിയെങ്കിലും അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയായിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ഒരു സ്പെഷ്യൽ സ്ക്വോഡിനെ ഈ അന്വേഷണത്തിനായി നിയോഗിയ്ക്കുകയായിരുന്നു. തുടർന്ന് അന്വേഷണസംഘം സൈബർ സെല്ലുമായി ചേർന്ന് നടത്തിയ നീണ്ട അന്വേഷണത്തിലും, ശാസ്ത്രീയ പരിശോധനയിലും യുവതി ജീവിച്ചിരുപ്പുണ്ടെന്നും ഇന്റെർനെറ്റ് കോളുകൾ മുഖേന വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടന്നും അന്വേഷണസംഘം മനസ്സിലാക്കി. തുടർന്ന് തൃശ്ശുരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന യുവതിയെ അന്വേഷണസംഘം കണ്ടത്തുകയായിരുന്നു.
ഫറോക്ക് സദീർ ആര്‍കെയ്ഡിൽ പ്രവര്‍ത്തിച്ചിരുന്ന സൗഭാഗ്യ ഫിനാന്‍സിയേഴ്സില്‍ യുവതി നവംബർ 09,10 എന്നീ തിയ്യതികളില്‍ 226.5 ഗ്രാം വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ച് 9,10,000/- രൂപ കൈക്കലാക്കുകയും, കൂടാതെ നിരവധി സ്വകാര്യ വ്യക്തികളിൽ നിന്നും പണം കടം വാങ്ങിയ ശേഷം മരിക്കാന്‍ പോകുകയാണെന്ന വ്യജേന കത്തെഴുതിവെച്ച്, പുഴയിൽ ചാടി മരിച്ചിട്ടുണ്ടാവുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി പാലത്തിന് സമീപം സ്കൂട്ടർ നിർത്തിയിട്ട് നാടുവിടുകയായിരുന്നു.പിന്നീട് പാലക്കാട്, എറണാംകുളം, തൃശ്ശുർ തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്നതിനിടെ തൃശ്ശുരിൽ വെച്ചാണ് യുവതിയെ പിടികൂടിയത്. കോഴിക്കോട് സിറ്റി ക്രൈം സ്ക്വോഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ഫറോക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അനൂപ്, CPO മാരായ പ്രജിഷ, സനൂപ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗങ്ങളായ സുജിത്ത് മാവൂർ, ഷെഫിൻ സ്കറിയ എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.