General

കോഴ വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്‌സൈസ് മന്ത്രി രാജിവെക്കണം; വി ഡി സതീശൻ


മദ്യനയം മാറ്റാന്‍ ബാര്‍ ഹോട്ടലുടമകള്‍ പണം കൊടുക്കേണ്ടവര്‍ക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം വിവാദമായതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബാര്‍ കോഴ വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് രാജിവക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാറുടമകളുടെ വോയിസ് മെസ്സേജുകളാണ് പുറത്തു വന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കേരളത്തിലെ 801 ബാറുകളില്‍ നിന്നും രണ്ടര ലക്ഷം വീതം പിരിച്ച് 20 കോടിയുടെ കോഴ ഇടപാടാണ് ഇതിന്റെ പിന്നിലുള്ളതെന്ന് വിഡി സതീശന്‍ ആരോപിച്ചു.

അബ്കാരി നിയമത്തില്‍ മാറ്റം വരുത്തുന്ന കാര്യം നിയമസഭാ സമിതിയില്‍ വന്നപ്പോള്‍ പ്രതിപക്ഷം ശക്തമായി എതിര്‍ത്തതാണ്. ഒന്നാംതീയതി അടക്കം മദ്യശാലകളും ബാറുകളും തുറക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ശമ്പളം കിട്ടുന്ന ദിവസമായ ഒന്നാം തീയതി കിട്ടുന്ന പണമെല്ലാം ബാറുകളില്‍ കൊണ്ടുപോയി കൊടുക്കാതിരിക്കുക എന്ന സദുദ്ദേശത്തോടെയാണ് മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം, മാസത്തിലെ ഒന്നാം തീയതി ഡ്രൈഡേ ആക്കാന്‍ തീരുമാനിച്ചത്.

പുതിയ നീക്കം ആളുകളുടെ ശമ്പള ദിവസത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ബാറുകളുടെ സമയം നീട്ടുന്നത് അടക്കം നിരവധി കാര്യങ്ങളാണ് ചെയ്തുകൊടുക്കാമെന്ന് പറഞ്ഞിട്ടുള്ളത്. കലക്ഷന്‍ തുടങ്ങിക്കഴിഞ്ഞതായാണ് ബാറുടമകളുടെ ശബ്ദസന്ദേശം വ്യക്തമാക്കുന്നത്. ബാറുടമകളെ സഹായിക്കാനും പണം പിരിക്കാനുമുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.സര്‍ക്കാരിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളുകള്‍ പറയാതെ, അവര്‍ ആവശ്യപ്പെടാതെ ബാറുടമകള്‍ പണപ്പിരിവ് നടത്തില്ലല്ലോ എന്നും വിഡി സതീശന്‍ ചോദിച്ചു. പണ്ട് കെഎം മാണിക്കെതിരെ ഒരു കോടി രൂപയുടെ ബാര്‍ കോഴയാണ് എല്‍ഡിഎഫ് ഉന്നയിച്ചിരുന്നത്. ഇന്നിപ്പോള്‍ അത് 20 കോടി രൂപയാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങുമ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്ന് ബാര്‍ ഉടമകള്‍ക്ക് വാക്ക് കൊടുത്തിരുന്നു. ഇത് നഗ്‌നമായ അഴിമതിയാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്? എക്‌സൈസ് മന്ത്രിയുടെ അടുത്താണോ മുഖ്യമന്ത്രിയുടെ അടുത്താണോ അതോ എകെജി സെന്ററിലാണോ എന്ന് മാത്രം വ്യക്തമാക്കിയാല്‍ മതി.

”ഉമ്മന്‍! ചാണ്ടിയുടെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സാമൂഹിക മാധ്യമങ്ങളില്‍ പറഞ്ഞത്, കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യനിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്നാണ്. യുഡിഎഫിന്റെ മദ്യനയം തട്ടിപ്പാണ്, എല്‍ഡിഎഫ് വരുമ്പോള്‍ മദ്യത്തിനെതിരെ പോരാടുന്നവരെ അണിനിരത്തുമെന്നും പിണറായി പറഞ്ഞിരുന്നു.” – സതീശന്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply