Saturday, January 25, 2025
General

മത്സ്യങ്ങൾ ചത്തു പൊന്തിയത് രാസമാലിന്യങ്ങൾ മൂലമെന്ന് സ്ഥിരീകരണം


പെരിയാറിൽ മത്സ്യങ്ങൾ വ്യാപകമായി ചത്തുപൊന്തിയതിനു പിന്നിൽ രാസമാലിന്യം ആണെന്ന് ഫിഷറീസ് വകുപ്പിന്റെ സ്ഥിരീകരണം. ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് ഇത് വഴിവെക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചത്. അന്തിമറിപ്പോർട്ട് ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറുമെന്നറിയുന്നു.

പെരിയാറിൽ സൾഫർ അടക്കമുള്ള രാസമാലിന്യമാണ് വ്യാപകമായി പകർന്നിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. സാമ്പത്തികമായി 10 കോടിയോളം രൂപയുടെ നഷ്ടമാണ് ഫിഷറീസ് കണക്കുകൂട്ടുന്നത്. കൂടാതെ ഇത് പരിസ്ഥിതി സന്തുലനത്തിന് ഏൽപ്പിക്കുന്ന ആഘാതവും ഗുരുതരമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് നാട്ടുകാർ പൊലൂഷൻ കൺട്രോൾ ബോർഡിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥലത്തെ ഫാക്ടറികളിൽ നിന്ന് പുഴയിലേക്ക് മാലിന്യങ്ങൾ ഒഴുക്കിവിടുന്നതിനെതിരെ പൊലൂഷൻ കൺട്രോൾ ബോർഡ് യാതൊരു നടപടിയും എടുക്കുന്നില്ല എന്നാണ് പരാതി.

അതേസമയം പുഴയിലേക്ക് മാലിന്യം തള്ളുന്ന കമ്പനികളുടെ പേര് വിവരങ്ങൾ അടിയന്തരമായി നൽകണമെന്ന് പൊലൂഷൻ കൺട്രോൾ ബോർഡിന് ഏലൂർ നഗരസഭ നോട്ടീസ് അയച്ചിട്ടുണ്ട്. എറണാകുളം സബ് കലക്ടറും പ്രസ്തുത വിഷയത്തിൽ സമഗ്ര റിപ്പോർട്ട് തേടിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply