EducationLatest

തൊഴിലുടമകൾ അന്വേഷിക്കുന്നത് യുവാക്കളിലെ നൈപുണ്യം: ഡോ. പ്രസാദ് കൃഷ്ണ


കോഴിക്കോട്: ബിരുദ സർട്ടിഫിക്കറ്റുകളല്ല തൊഴിലെടുക്കാൻ യുവാക്കൾക്കുള്ള നൈപുണ്യമാണ് തൊഴിലുടമകൾ അന്വേഷിക്കുന്നതെന്ന് എൻഐടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ. അത്തരത്തിൽ നിപുണരായ വിദ്യാർത്ഥികൾ ഉണ്ടാകണമെന്നും ഉന്നത വിദ്യാഭ്യാസത്തിന് ഏത് വിഷയം പഠിക്കണമെന്ന് സ്വയം തെരഞ്ഞെടുപ്പിനുള്ള പ്രാപ്തി വിദ്യാർത്ഥികൾ നേടണമെന്നും അദ്ദേഹം പറഞ്ഞു. റിസർജ് ഇന്ത്യാ ഫൗണ്ടേഷൻ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന യുത്ത് സ്കിൽ ഡവലപ്മെൻ്റ് കോൺക്ലേവ് സ്കിൽ എക്സ്’ 25 ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം കണ്ടറിഞ്ഞും പിന്നീട് അനുഭവിച്ചും വിദ്യ നേടുന്നതാണ് ആർഷഭാരത സംസ്കാരം. സോഷ്യൽ മീഡിയയും ആനുകാലിക കരിയർ ലേഖനങ്ങളും വായിച്ച് വിദ്യാഭ്യാസത്തിന് പിറകെ പോകരുത്. രക്ഷിതാക്കൾ അവരിൽ സമ്മർദ്ദം ചെലുത്തരുതെന്നും പലപ്പോഴും ആത്മഹത്യയിലേക്ക് വിദ്യാർത്ഥികളെ തള്ളിവിടുന്നതിൽ രക്ഷിതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെ സമ്മർദ്ദം മൂലം ഉന്നത പഠനം നേടിയവർക്ക് സാമ്പത്തികവും സൗഭാഗ്യവും ഉണ്ടെങ്കിലും അവർക്ക് ‘ജീവിതം ദുസ്സഹമായിത്തീരുന്നു. ഇത് അവരെ വിവാഹമോചനം, ആത്മഹത്യ എന്നിവയിലേക്ക് നയിക്കുന്നു.
വിദേശ രാജ്യങ്ങളിൽ കുട്ടികൾ സർവ്വകലാശാലകൾ സന്ദർശിക്കും. അവർക്ക് സ്വയം തെരഞ്ഞെടുപ്പിനുള്ള ലക്ഷ്യബോധം അതു വഴി ലഭിക്കും. കോഴിക്കോട് എൻഐടി വിദ്യാർത്ഥികൾക്ക് അത്തരം വാതായനം തുറന്നിട്ടിട്ടുണ്ട്.
എന്ത് പഠിക്കണമെന്ന് കണ്ണടച്ച് ഹൃദയത്തോട് ചോദിക്കണമെന്നും അപ്പോൾ നിശബ്ദതമായ മനസ്സ് ഉത്തരം തരുമെന്നും അത്തരം നിശ്ശബ്ദതയുടെ ശക്തികൾ വിദ്യാർത്ഥികൾക്ക് സ്വയം തെരഞ്ഞെടുപ്പിനുള്ള മാർഗ്ഗദർശനം ചെയ്യണമെന്നും അദ്ദേഹം ആശംസിച്ചു.

സി . എസ്. രാജേഷ് നമ്പുതിരിപ്പാട് അധ്യക്ഷനായി. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, ആർഡിഎസ്ഡി ഇ റീജനൽ ഡയറക്ടർ സി. യുവരാജ് , ഇൻഫോസിസ് സീനിയർ അനലിസ്റ്റ്,ഐശ്വര്യ രാജീവ് എന്നിവർ ക്ലാസെടുത്തു. ചിൻമയാ മിഷൻ മഠാധിപതി ജിതാത്മാനന്ദ സരസ്വതി
റീജനൽ സയൻസ് സെൻ്റർ ഡയറക്ടർ എം.എം.കെ. ബാലാജി, മാതൃഭൂമി ഡയറക്ടർ പി.വി. നിധീഷ്, ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ഇ.കെ. കുട്ടി, ആർകിടെക്ട് പ്രശാന്ത്,
നിത്യാനന്ദ് കമ്മത്ത്, സി.എം. ശ്രീജേഷ്, പി.പ്രസീദ ,അജയൻ കാനാട്ട് പങ്കെടുത്തു.റിസർജ് ഇന്ത്യാ ഫൗണ്ടേഷൻ ട്രസ്റ്റി യു.പി. ഏകനാഥൻ സ്വാഗതവും ശ്രീജിത്ത് കളത്തിൽ നന്ദിയും പറഞ്ഞു.
മേഖലാ ശാസ്ത്ര കേന്ദ്രം എക്സിബിഷൻ സർവ്വകലാശാലകൾ, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവയുടെ സ്റ്റാളുകൾ ഒരുക്കി. 4 ന് റിസർജ് ഇന്ത്യാ ഫൗണ്ടേഷൻ വാർഷികത്തിൽ കൊളത്തൂർ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അനുഗ്രഹ ഭാഷണം നടത്തും.

 


Reporter
the authorReporter

Leave a Reply