ന്യൂഡല്‍ഹി: പൂനെയില്‍ ഇ.വൈ ബഹുരാഷ്ട്ര കമ്പനിയിലെ മലയാളി ജീവനക്കാരി കുഴഞ്ഞു വീണ് മരിച്ചതിന്റെ വിവാദങ്ങള്‍ക്കിടെ കമ്പനിക്കെതിരെ മറ്റൊരു ജീവനക്കാരി അയച്ച പരാതി പുറത്ത്. ഇവൈ കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസി ഇമെയില്‍ ചെയര്‍മാന് അയച്ച പരാതിയാണ് പുറത്തു വന്നിരിക്കുന്നത്.
കമ്പനിയില്‍ ജോലി സമ്മര്‍ദ്ദം നിരന്തരമായി നേരിടേണ്ടിവരുന്നുണ്ടെന്ന് നസീറ മെയിലില്‍ വ്യക്തമാക്കുന്നു. ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി നല്‍കിയാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നും നസീറ മെയിലില്‍ പറഞ്ഞു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനി ചെയര്‍മാന്‍ അയച്ച സന്ദേശത്തിന് മറുപടിയായാണ് നസീറ കാസി മെയില്‍ അയച്ചത്.
അതേസമയം സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അന്നയുടെ പിതാവ് വ്യക്തമാക്കി. പൂനയില്‍ മാത്രം ജോലിഭാരം മൂലം ആറു പേര്‍ രാജിവെച്ചതായി മകള്‍ പറഞ്ഞിരുന്നു. മകളോടും റിസൈന്‍ ചെയ്ത് വരാന്‍ ആവശ്യപ്പെട്ടിരുന്നു. പൂനെ ഓഫീസില്‍ നിന്നും കഴിഞ്ഞ ദിവസം നാല് പേര്‍ വന്നിരുന്നു, പക്ഷേ എന്തെങ്കിലും നടപടിയെടുക്കാം എന്ന് അവര്‍ പറഞ്ഞില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
കമ്പനിയിലെ തൊഴില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട കത്തുകള്‍ പുറത്തുവന്നത് കമ്പനി ജീവനക്കാരിലൂടെ തന്നെയാണെന്നും തൊഴില്‍ സമ്മര്‍ദ്ദം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്ന ജീവനക്കാരാണ് കത്ത് പുറത്തു വിട്ടതെന്നും അന്നയുടെ പിതാവ് ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 20നാണ് അന്ന സെബാസ്റ്റ്യനെ കുഴഞ്ഞുവീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പത്ത് ദിവസം മുമ്പ് അന്നയുടെ അമ്മ കമ്പനി ചെയര്‍മാനയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയത്തില്‍ പ്രതിഷേധം ശക്തമായത്.