തിരുവനന്തപുരം:49-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ഇ.സന്തോഷ് കുമാറിന്.
2024ൽ പ്രസിദ്ധീകരിച്ച ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിനാണ് പുരസ്കാരം.
തിരുവനന്തപുരത്ത് ഇന്നു നടന്ന ചടങ്ങിൽ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണു പുരസ്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.
ഇ.ഡി.രാമകൃഷ്ണൻ, പ്രിയ എ.എസ്. എൻ.പി.ഹാഫിസ് മുഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണു സമ്മാനാർഹമായ കൃതി തിരഞ്ഞെടുത്തത്.
അവാർഡ് വർഷത്തിനു തൊട്ട് മുമ്പുള്ള അഞ്ചു വർഷങ്ങളിൽ പ്രസിദ്ധീകരിച്ച രചനകളിൽ നിന്നാണ് അവാർഡിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ സന്തോഷ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്. ‘അന്ധകാരനഴി’ക്ക് 2012 ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2006 ൽ ‘ചാവുകളി’ എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് ആദ്യമായി കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുന്നത്. 2011 ൽ ‘കാക്കര ദേശത്തെ ഉറുമ്പുകൾ’ എന്ന കൃതിയ്ക്ക് ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
2024 ൽ മാധ്യമം വീക്കിലിയിലാണ് തപോമയിയുടെ അച്ഛൻ ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് ഡിസി ബുക്ക്സ് ഇതു പുസ്തകമാക്കി.