AchievementLatest

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

Nano News

കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്ര രംഗത്തെ മികച്ച സേവനത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഭിഷഗ് രത്ന പുരസ്‌കാരത്തിന് ഡോ. ടി കെ പ്രതോഷ് ഗംഗാധര്‍ അര്‍ഹനായി. കോഴിക്കോട് ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ എന്‍ഡോക്രിനോളജി വിഭാഗത്തിന്റെ മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ് ഡോ. ടി കെ പ്രതോഷ് ഗംഗാധര്‍.

പ്രമേഹരോഗ ചികിത്സാരംഗത്ത് ഡോ. ടി കെ പ്രതോഷ് ഗംഗാധര്‍ നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഹൈപോനാട്രീമിയ, തൈറോയ്ഡ് രോഗങ്ങള്‍, മെറ്റബോളിക് ബോണ്‍ ഡിസോര്‍ഡേഴ്‌സ്, ഡയബീറ്റീസ് തുടങ്ങിയ വിഷയങ്ങളില്‍ നിരവധി പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. വിവിധ ദേശീയ-അന്തര്‍ദേശീയ ജേണലുകളില്‍ അദ്ദേഹത്തിന്റെ ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലബാര്‍ എന്‍ഡോക്രിന്‍ സൊസൈറ്റിയുടെ മുൻ സെക്രട്ടറിയും കേരള എന്‍ഡോക്രിന്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗവുമാണ്. ആന്വല്‍ കോണ്‍ഫറന്‍സ് ഓഫ് എന്‍ഡോക്രൈന്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ESICON), ആന്വല്‍ കോണ്‍ഫറന്‍സ് ഓഫ് എന്‍ഡോക്രൈന്‍ സൊസൈറ്റി ഓഫ് കേരള (KENDOCON) എന്നിവിടങ്ങളിലുള്‍പ്പെടെ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 600 അക്കാദമിക പ്രഭാഷണങ്ങള്‍ നടത്തി. KENDOCON 2022 ല്‍ മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരവും അദ്ദേഹം നേടി.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലും ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആറിലുമായിരുന്നു ഡോ. പ്രതോഷ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2010-ല്‍ നടന്ന ഡി.എം എന്‍ഡക്രൊണോളജി എന്‍ട്രന്‍സ് പരീക്ഷയില്‍ അദ്ദേഹം അഖിലേന്ത്യാതലത്തില്‍ ഒന്നാം റാങ്ക് നേടി.

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് അതിരാത്രത്തിലെ വിദ്വല്‍സദസ്സില്‍ ഏപ്രില്‍ 19 ന് പുരസ്‌കാരം സമ്മാനിക്കും. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 17 മുതല്‍ 26 വരെ കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിലാണ് അതിരാത്രം നടക്കുന്നത്.


Reporter
the authorReporter

Leave a Reply