ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തോടനുബന്ധിച്ച് നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടും. കോണ്‍ഗ്രസ് ഏഴ് ദിവസത്തേക്ക് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.
ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലുള്ള വസതിയിലാണ് ഇപ്പോള്‍ ഭൗതികശരീരമുള്ളത്. നാളെ രാവിലെ എട്ടുമണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനം ആരംഭിക്കും. 9.30 ന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും.
വര്‍ധക്യസഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് 94 കാരനായ മന്‍മോഹന്റെ അന്ത്യം. രാത്രി എട്ടു മണിയോട് കൂടി ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതെങ്കിലും രക്ഷിക്കാനായില്ല. ആഴ്ചകളായി മന്‍മോഹന്‍ സിങ് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടുവരികയായിരുന്നു.
യു.പി.എ മുന്നണിയുടെ ഭാഗമായി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി 2004 മെയ് 22 നാണ് ഡോ. മന്‍മോഹന്‍ സിങ് ആദ്യമായി രാജ്യം ഭരിച്ചത്. 2009 ല്‍ യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെ 2014 മെയ് വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടര്‍ന്നു. ഇന്ത്യയുടെ ആദ്യ സിഖ് പ്രധാനമന്ത്രിയാണ് അദ്ദേഹം.