കോഴിക്കോട് : തെങ്ങ് ശരീരത്തിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ ആൾ താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിൽപ്പെട്ട് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ചുരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
കോഴിക്കോട്, വയനാട് ജില്ലാ പോലീസ് മേധാവിമാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കണം. കേസ് ഫെബ്രുവരി 21 ന് പരിഗണിക്കും.
വീടിന് സമീപം നിന്ന തെങ്ങ് മുറിച്ചുമാറ്റുന്നതിനിടയിലാണ് എരിയപ്പള്ളി നെല്ലിമണ്ണിൽ രാജന് ഗുരുതരമായി പരിക്കേറ്റത്. മലാപറമ്പ സ്വദേശി പി. ഐ. ജോൺ സമർപ്പിച്ച പരാതിയിലാണ് നടപടി. ചുരം റോഡിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇന്ന് (17/1/23) രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.