തിരുവനന്തപുരം : കേരള പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടയിൽ നടന്ന തെറിവിളിയിൽ നടപടിക്ക് സാധ്യത. സംസ്ഥാന പ്രസിഡൻറ് സംസാരിക്കുന്നതിനിടെ അനധികൃതമായി മീറ്റിംഗിൽ കയറി തെറിവിളിച്ച സൈബർ സെൽ എസ്ഐമാരായ പ്രജീഷ്,സജി ഫിലിപ്പ് എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത.
ഇരുവരും പോലീസ് അസോസിയേഷനിൽ അംഗങ്ങളല്ല. ലിങ്ക് ചോർത്തിയെടുത്താണ് മീറ്റിങ്ങിൽ പങ്കെടുത്തത്. ഇരുവരും യൂണിയൻ മീറ്റിങ്ങിനായി ഉപയോഗിച്ചത് ഔദ്യോഗിക കമ്പ്യൂട്ടറെന്നാണ് ആക്ഷേപം. കൃത്യ നിർവഹണ സമയത്ത് ഷർട്ട് ഇല്ലാതെ ഓഫീസിൽ ഇരുന്നതും അന്വേഷിക്കും.സംഭവം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായും സംശയമുണ്ട്. പൊലീസുകാരുടെ ജോലി സമ്മർദ്ദത്തിലുള്ള അസ്വസ്ഥത പ്രകടിപ്പിക്കലായിരുന്നു ഇരുവരുടേയും ലക്ഷ്യമെന്നാണ് വിവരം.
കെപിഎ സംസ്ഥാന സമ്മേളന കാര്യങ്ങൾ വിശദീകരിക്കാനാണ് ഓൺലൈൻ മീറ്റിങ്ങ് വിളിച്ചത്. പൊലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാനായി യൂണിയൻ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു തെറിവിളി. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.