തിരുവനന്തപുരം: മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആർ 13 എന്ന ബാച്ച് കേരളത്തിൽ വില്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനം. എങ്കിലും ഈ ബ്രാൻഡിന്റെ വിൽപ്പന നിരോധിച്ചതായി ഡ്രഗ് കൺട്രോളർ അറിയിച്ചു. ഈ ബ്രാൻഡിന്റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കഫ്സിറപ്പിന്റെ സാമ്പിളുകൾ എടുത്ത് പരിശോധന നടത്തും എന്നും ഡ്രഗ് കൺട്രോളർ അറിയിച്ചു. മറ്റ് ബ്രാൻഡുകളുടെ സാമ്പിളുകളും ശേഖരിക്കും. കേരളത്തിൽ നിർമിക്കുന്ന ബ്രാൻഡുകളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും.
കോൾഡ്രിഫ് സിറപ്പിൽ പരിധിയിലും കൂടുതൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ
തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച ചുമ മരുന്നിൽ അനുവദനീയമായതിലും അധികം വിഷാംശം അടങ്ങിയ രാസവസ്തു കണ്ടെത്തി. കാഞ്ചീപുരത്തെ ശ്രേഷൻ ഫാർമയിൽനിന്നും ശേഖരിച്ച കോൾഡ്രിഫ് സിറപ്പിലാണ് പരിധിയിലും കൂടുതൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയത്. ചുമമരുന്ന് കഴിച്ച 9 കുട്ടികൾ മധ്യപ്രദേശിലും 3 കുട്ടികൾ രാജസ്ഥാനിലും മരിച്ചിരുന്നു. മധ്യപ്രദേശ് സർക്കാറിന്റെ അഭ്യർത്ഥന പ്രകാരമാണ് തമിഴ്നാട് എഫ്ഡിഎ സാമ്പിൾ ശേഖരിച്ചത്. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച് 6 സംസ്ഥാനങ്ങളിൽ വിൽക്കുന്ന 19 മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും പരിശോധിച്ച മരുന്നുകളിൽ ഇതുവരെ പ്രശ്നമുള്ളതായി കണ്ടെത്തിയിട്ടില്ല. രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നും, മറ്റ് കുട്ടികൾക്ക് മരുന്ന് നൽകുന്നതിൽ കർശന ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു.