Saturday, November 23, 2024
General

അർജുന്റെ വീട്ടിൽ മുഖ്യമന്ത്രി, കുടുംബാംഗങ്ങളെ കണ്ടു


കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു. തിരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അർജുൻ്റെ കുടുംബം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്. കുടുംബാം​ഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പ് നൽകി. തിരച്ചിൽ നടത്താൻ ഈശ്വർ മൾപ്പ തയ്യാറായെങ്കിലും അധികൃതർ സമ്മതിച്ചില്ലെന്ന് കുടുംബം അറിയിച്ചു. മൾപ്പെക്കെതിരെ കേസ് എടുക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നൽകിയെന്നും കുടുംബം ആരോപിച്ചു.

അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണെന്നും കാലാവസ്ഥ പ്രതികൂലമാണെന്നും ഇതിനാല്‍ ഇപ്പോള്‍ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നുമാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിക്കുന്നത്. അടിയൊഴുക്ക് കുറഞ്ഞതിനാല്‍ ഗംഗാവലി പുഴയിലിറങ്ങിയുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കാനാകുമോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കാനിരിക്കെയാണ് കാലാവസ്ഥ വെല്ലുവിളിയായി മാറുന്നത്.

മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെ ഇന്ന് എത്തി പുഴയില്‍ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല. ഉത്തര കന്നഡ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. വിദഗ്ധ സഹായം ഇല്ലാതെ മാൽപെയെ പുഴയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്നാണ് ഉത്തര കന്നഡ‍ ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ബാർജ് മൗണ്ടഡ് ഡ്രഡ്ജർ ഇല്ലാതെ നിലവിൽ തെരച്ചിൽ സാധ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.


Reporter
the authorReporter

Leave a Reply