റഫീഖ് തോട്ടുമുക്കം
കോഴിക്കോട്: സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം പ്രാവർത്തികമാക്കിയതിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ജലവൈദ്യുതോൽപ്പാദന രംഗത്തേക്ക് കടന്നിരിക്കുകയാണ്.ഇതിന്റെ ഭാഗമായ് സിയാൽ നിർമ്മാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതി ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. അഞ്ചുവർഷം കൊണ്ടാണ് സിയാൽ പദ്ധതി പൂർത്തിയാക്കിയത്.
കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സിയാൽ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി. കോവിഡിനെ തുടർന്നുണ്ടായ കാലതാമസവുമുണ്ടായെങ്കിലും സിയാലിന് അതിവേഗം പദ്ധതി പൂർത്തിയാക്കാനായി.
4.5 മെഗാവാട്ടാണ് ശേഷി. 32 സ്ഥലമുടമകളിൽ നിന്നായി 5 ഏക്കർ സ്ഥലം സിയാൽ ഏറ്റെടുത്തു. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടുകെട്ടുകയും അവിടെ നിന്ന് അരകിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേയ്ക്ക് പെൻസ്റ്റോക്ക് കുഴൽ വഴി വെള്ളമെത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുക .