GeneralLatest

കേരള വനിതാ കമ്മിഷന്‍ ആക്റ്റ് ഭേദഗതി നിര്‍ദേശങ്ങള്‍ കാലതാമസം കൂടാതെ സര്‍ക്കാരിന് സമര്‍പ്പിക്കും: അഡ്വ. പി. സതീദേവി


കൊച്ചി:കേരള വനിതാ കമ്മിഷന്‍ ആക്റ്റ് ഭേദഗതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ കാലതാമസം കൂടാതെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇതിനായുള്ള കരട് നിര്‍ദേശങ്ങള്‍ തയാറാക്കുന്നതിനുള്ള രണ്ടാം ഘട്ട ചര്‍ച്ചയ്ക്കുശേഷമാണ് ഇക്കാര്യം കമ്മിഷന്‍ അധ്യക്ഷ അറിയിച്ചത്. പരാതിയിന്‍മേല്‍ കമ്മിഷന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഫലപ്രദമായി എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിയും വിധം ആക്റ്റിലെ വിവിധ സെക്ഷനുകള്‍ ഭേദഗതി ചെയ്ത് ശിക്ഷാധികാരങ്ങള്‍, അധികാര പരിധികള്‍, പരിഗണിക്കേണ്ട പരാതികളുടെ സ്വഭാവം തുടങ്ങിയ വിവിധ നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്.

ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെ സംബന്ധിച്ച് കേരള വനിതാ കമ്മിഷന്‍ എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളിലും ഗൂഗിള്‍ മീറ്റിലുമായി ഒരേ സമയം സംഘടിപ്പിച്ച വിദഗ്ധ സമിതി ചര്‍ച്ചയില്‍ അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ റ്റി.എ. ഷാജി, മുന്‍ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, സുപ്രിം കോടതി അഭിഭാഷകന്‍ പി.വി.ദിനേഷ്, മുന്‍ ജയില്‍ ഡിജിപിയും വനിത കമ്മിഷന്റെ പ്രഥമ ഡയറക്ടറുമായ ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എം.എസ്. താര, ഇ.എം.രാധ, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാല്‍, മെമ്പര്‍ സെക്രട്ടറി പി. ഉഷാറാണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, ലോ ഓഫീസര്‍ പി. ഗിരിജ എന്നിവര്‍ പങ്കെടുത്തു. കേരള വനിതാ കമ്മിഷന്റെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എ. പാര്‍വതി മേനോന്‍ കരട് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് ആദ്യ ഘട്ട ചര്‍ച്ച നടന്നത്.


Reporter
the authorReporter

Leave a Reply