കണ്ണൂര്‍: സിപിഎമ്മിനെതിരേ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു. ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്നാണ് സിപിഎമ്മുമായി പോരാടിയത്. 48 വയസ്സായിരുന്ന ചിത്രലേഖ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാളെ 9 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ 10.30ന് പയ്യാമ്പലത്ത്.
പയ്യന്നൂര്‍ സ്വദേശിയായ ചിത്രലേഖ അര്‍ബുദംബാധിച്ചതിനെ തുടര്‍ന്ന് രോഗശയ്യയിലായിരുന്നു. ദയനീയ അവസ്ഥയിലായിരുന്ന അവര്‍ ചികിത്സാസഹായമുള്‍പ്പെടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച ചിത്രലേഖയ്ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടതോടെ ആരോഗ്യം മോശമായി.
ഇതോടെ പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാവാത്ത അവസ്ഥയിലുമായി. ഭര്‍ത്താവിന് ചിത്രലേഖയെ തനിച്ചാക്കി ജോലിക്ക് പോകാനും സാധിച്ചില്ല. അതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. ഇതിനിടയിലാണ് അസുഖം മൂര്‍ച്ഛിക്കുന്നതും മരണം സംഭവിക്കുന്നതും.
2004 ലാണ് എടാട്ടെ സ്റ്റാന്റില്‍ ഓട്ടോയുമായി ദളിത് യുവതി ചിത്രലേഖ എത്തുന്നത്. സിഐടിയുമായി തര്‍ക്കമുണ്ടായതോടെ സിപിഎം ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് പാര്‍ട്ടിയുമായി തുറന്ന യുദ്ധമായിരുന്നു. ഇങ്ങനെയാണ് ചിത്രലേഖ ശ്രദ്ധിക്കപ്പെട്ടത്. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടത് വലിയ സംഭവമായിരുന്നു കണ്ണൂരില്‍.