കോഴിക്കോട്: രോഗം മുന്‍കൂട്ടി തിരിച്ചറിയലാണ് ഏറ്റവും വലിയ പ്രതിരോധമെന്നു പ്രഖ്യാപിച്ച് ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ മാസത്തോടനുബന്ധിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ പിങ്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കിടയില്‍ മാറിലെ കാന്‍സര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് 200-ലേറെ വനിതകളെ അണിനിരത്തിക്കൊണ്ടുള്ള ബൈക്ക് റാലി നടത്തിയത്. കാന്‍സര്‍ ചികിത്സയെ സംബന്ധിച്ചും പരിചരണത്തെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ അടങ്ങിയ പ്രചരണ റാലി മേയ്ത്ര ഹോസ്പിറ്റലില്‍ നിന്ന് തുടങ്ങി കോഴിക്കോട് ബീച്ച് വഴി തിരിച്ച് ഹോസ്പിറ്റലില്‍ തന്നെ അവസാനിച്ചു.
പിങ്ക് ബൈക്ക് റാലി
ബ്ലഡ് ഡിസീസ്, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോ തെറപി ഡയറക്ടര്‍ ഡോ. രാഗേഷ് രാധാകൃഷ്ണന്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ആന്റണി ജോ൪ജ്ജ് ഫ്രാ൯സിസ് തോട്ടിയാ൯, പീപ്പ്‌ൾ ആന്റ് കൾച്ചർ വൈസ് പ്രസിഡന്റ് കപിൽ ഗുപ്ത, ഗൈനക്കോളജിസ്റ്റ് ഡോ.രേഷ്മ റഷീദ്, ചീഫ് നഴ്സിംഗ് ആന്റ് ക്വാളിറ്റി ഓഫിസർ ബോബി ആർ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. വാണി ലക്ഷ്മണൻ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ചികിത്സിച്ചാല്‍ ഭേദമാകാത്ത അസുഖമെന്ന നിലയിലാണ് എല്ലാവരും കാന്‍സറിനെ കാണുന്നതെന്നും എന്നാല്‍ ശരിയായ സമയത്ത് ശരിയായ രോഗനിര്‍ണയം സാധ്യമായാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖമാണ് കാന്‍സര്‍ എന്ന സന്ദേശമാണ് പിങ്ക് ബൈക്ക് റാലി നല്‍കുന്നതെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. പരിശോധനകള്‍ പതിവാക്കുകയും അസാധാരണമായത് എന്തെങ്കിലും കാണുമ്പോള്‍ അത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്താല്‍ കാന്‍സര്‍ രോഗം നേരത്തെ കണ്ടുപിടിക്കാന്‍ കഴിയും. അങ്ങനെ ആദ്യഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ അസുഖം ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുമെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് മേയ്ത്ര ഹോസ്പിറ്റല്‍ ബൈക്ക് റാലി സംഘടിപ്പിച്ചതെന്ന് ഹോസ്പിറ്റൽ ഡയറക്ടറും കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റുമായ
ഡോ. അലി ഫൈസല്‍ പറഞ്ഞു.
മാസമുറ ആരംഭിച്ചതു മുതല്‍ അവസാനിക്കുന്നതുവരെ ഒരു സ്ത്രീയുടെ ശരീരം പല തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതുകൊണ്ട് ശരീര പരിശോധനകള്‍ പതിവാക്കണമെന്ന് ഡോ. രാഗേഷ് രാധാകൃഷ്ണന്‍ പറഞ്ഞു. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വന്നാലുള്ള അപകടവും പ്രവര്‍ത്തനക്ഷമമായ ഒരു ജീവിതരീതി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും അവരെ ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗത്തെയും രോഗലക്ഷണങ്ങളെയും കുറിച്ച് അറിയാമെങ്കില്‍ ഏതു രോഗത്തെയും പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ആന്റണി ജോര്‍ജ്ജ് ഫ്രാന്‍സിസ് തോട്ടിയാന്‍ പറഞ്ഞു. ജീവിതരീതി ക്രമപ്പെടുത്തുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, വ്യായാമം, മാനസികസമ്മര്‍ദ്ദം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ മാറ്റങ്ങള്‍ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിലൊരിക്കലെങ്കിലും ശരീരം ഇത്തരത്തില്‍ സ്വയം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കാന്‍സര്‍ പരിരക്ഷ എല്ലാവരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മേയ്ത്ര ഹോസ്പിറ്റല്‍ ആരംഭിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓഫ് ബ്ലഡ് ഡിസീസസ്, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറപി വടക്കന്‍ കേരളത്തിലെ മറ്റു ആശുപത്രികളുമായി സഹകരിക്കുന്നതിനുള്ള പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വയനാട് ലിയോ ഹോസ്പിറ്റലുമായി സഹകരിച്ച് മേയ്ത്ര കാന്‍സര്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കാന്‍സര്‍ രോഗികള്‍ക്ക് വിദഗ്ധ ചികിത്സകള്‍ക്കായി അവരവരുടെ നാട്ടിലുള്ള ആശുപത്രികളില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മേയ്ത്ര ഹോസ്പിറ്റല്‍ കേന്ദ്രമായി മുഴുസമയവും പ്രവര്‍ത്തിക്കുന്ന അതിതീവ്ര പരിചരണ വിദഗ്ധരായ ഒരു കൂട്ടം ഡോക്ടര്‍മാരുടെ സേവനം ടെലി-ഐ.സി.യു സംവിധാനത്തിലൂടെ മറ്റു ആശുപത്രികളില്‍ പ്രവേശനം നേടുന്ന രോഗികള്‍ക്കും ലഭിക്കുന്നതാണ് ഈ ചികിത്സാ പദ്ധതി.