തിരുവനന്തപുരം: ജനുവരി 12-ാം തീയതി സിപിഎം-പോപ്പുലർ ഫ്രണ്ട് കൂട്ടുകെട്ടിനെതിരെ ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് കുര്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ മാർച്ചിന് നേതൃത്വം നൽകും. പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനാഭിപ്രായം രൂപീകരിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജനുവരി 15,16,17, തീയതികളിൽ വലിയ രീതിയിലുള്ള പൊതുസമ്മേളനങ്ങൾ നടത്താനും കോഴിക്കോട് ചേർന്ന സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. ” പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധം ” എന്നതായിരിക്കും മുദ്രാവാക്യം.
സംസ്ഥാനത്ത് ഈ രീതിയിൽ 25 പൊതു യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ജോർജ് കുര്യൻ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ അഡ്വ.രജ്ഞിത്ത് ശ്രീനിവാസന് അഭിഭാഷകരുടെ നേതൃത്വത്തിൽ ശ്രദ്ധാജ്ഞലി സംഘടിപ്പിക്കും. ജനുവരി 7 മുതൽ12 വരെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മയുടെ ശ്രദ്ധാജ്ഞലി നടക്കും.
കെ-റയിൽ കേരളത്തിൽ നടപ്പിലാവില്ലെന്നും പിണറായി വിജയൻ അതിന് ശ്രമിച്ചാൽ മറ്റൊരു നന്ദിഗ്രാമായിരിക്കും ഫലമെന്നും ജോർജ് കുര്യൻ മുന്നറിയിപ്പ് നൽകി. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ അതേ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നത്. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നില്ല. അശാസ്ത്രീയവും ഗുണരഹിതവുമായ കെ-റെയിൽ പദ്ധതിയ്ക്കെതിരെ കെ-റെയിൽ കടന്ന് പോകുന്ന എല്ലാ ജില്ലകളിലും ജില്ലാ പ്രസിഡന്റുമാർ നയിക്കുന്ന കെ-റെയിൽ വിരുദ്ധ പദയാത്ര ജനുവരി 25 നും 30 നും മിടയിൽ നടത്തും.
പഞ്ചാബിലെ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച പോലുള്ള നടപടി കോൺഗ്രസ് മുക്ത ഭാരതം എളുപ്പമാക്കുമെന്ന് കുര്യൻ പറഞ്ഞു. കോൺഗ്രസിന്റെ ഫാസിസ്റ്റ് സമീപനമാണ് ഇതോടെ വ്യക്തമാകുന്നത്. ഇതിന് മുൻകൈ എടുക്കുന്നത് രാഹുൽ ഗാന്ധിയാണ്. കേരളത്തിലെ പ്രതിപക്ഷ നേതാവും നീങ്ങുന്നത് ഇതേ രീതിയിലാണ്. മുഖ്യമന്ത്രിയെയും ഇടത് സർക്കാരിനെയും പ്രതിപക്ഷ നേതാവ് സംരക്ഷിക്കുകയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.