ദില്ലി: മുസ്ലിം സ്ത്രീകൾക്കും ആക്ടിവിസ്റ്റുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ വിദ്വേഷപ്രചാരണത്തിന് ലക്ഷ്യമിട്ട് നിർമിച്ച ബുള്ളി ബായ് ആപ് നിർമിച്ചയാൾ അറസ്റ്റിൽ. കേസിലെ മുഖ്യ സൂത്രധാരനായ ഇരുപത്തിയൊന്ന് വയസുള്ള ബി ടെക് വിദ്യാർത്ഥി നീരജ് ബിഷ്ണോയിയാണ് അറസ്റ്റിലായത്. ല്ലി പൊലീസ് സെപ്ഷ്യൽ സെൽ ഡിസിപി കെ. പി. എസ് മൽഹോത്രയുടെ നേതൃത്വത്തിലാണ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തേ മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളുരുവിൽ നിന്ന് 21-കാരനായ ബിടെക് വിദ്യാർത്ഥി വിശാൽ ഝാ, ഉത്തരാഖണ്ഡ് സ്വദേശിനിയായ പത്തൊമ്പതുകാരി ശ്വേതാ സിംഗ്, ബുധനാഴ്ച പുലർച്ചെയോടെ മായങ്ക് റാവൽ (21) എന്നിവരാണ് അറസ്റ്റിലായത്.
പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ബുള്ളി ബായ് എന്ന ആപ്പ് നടത്തി വന്നത്. ശക്തമായ പ്രതിഷേധമുയർന്നതിനെത്തുടർന്ന് ഈ ആപ്പ് കേന്ദ്രസർക്കാർ ഇടപെട്ട് പിൻവലിച്ചിരുന്നു. ജെഎൻയുവിൽ നിന്ന് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന്‍റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‍വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്‍റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ , ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രചാരണം. കഴിഞ്ഞ വർഷം സുള്ളി ഡീൽസ് എന്ന പേരിൽ ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് ഇത്തരത്തിൽ സമാന പ്രചാരണം നടത്തിയിരുന്നു.